‘പെലെയും മറഡോണയും സ്വര്‍ഗത്തില്‍ പന്തു തട്ടുമ്പോള്‍’; ഇത്തവണത്തെ തകഴി ചെറുകഥ പുരസ്‌കാരം പേരാമ്പ്രക്കാരന്


 


പേരാമ്പ്ര: തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാംസ്ഥാനം പേരാമ്പ്രക്കാരന്. ദേശാഭിമാനി വാരിക സീനിയര്‍ സബ് എഡിറ്റര്‍ വി.കെ. സുധീര്‍കുമാറിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. ഇദ്ദേഹം പേരാമ്പ്ര കൈതക്കല്‍ സ്വദേശിയാണ്.

‘പെലെയും മറഡോണയും സ്വര്‍ഗത്തില്‍ പന്തു തട്ടുമ്പോള്‍’ എന്ന കഥയ്ക്കാണ് പുരസ്‌കാരം. 10,000 രൂപയും ഫലകവും ആണ് സമ്മാനം. 17ന് വൈകിട്ട് നാലിന് തകഴിയുടെ ജന്മദിനത്തില്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

തികഞ്ഞ ഫുട്‌ബോള്‍ സ്‌നേഹിയും അര്‍ജന്റീന ആരാധകനുമാണ് സുധീര്‍കുമാര്‍. മലയാള ചെറുകഥാ രംഗത്ത് തന്റേതായ ഇടം ഉണ്ടാക്കിയ ഒരു യുവ കഥാകൃത്ത് കൂടിയാണ് അദ്ദേഹം.

മികച്ച ചെറുകഥയ്ക്ക് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം, സി.വി ശ്രീരാമന്‍ സ്മാരക പുരസ്‌കാരം, ചില്ല മാസിക പുരസ്‌കാരം, ചന്ദ്രിക ആഴ്ചപ്പതിപ്പ് പുരസ്‌കാരം, നാവ് ചെറുകഥ പുരസ്‌കാരം, മികച്ച സിനിമാ ലേഖനത്തിന് തിക്കുറിശി സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സിതാര. മക്കള്‍: മേഘമല്‍ഹാര്‍, രാഗ്.