യൂണിറ്റിന്‌ മാസംതോറും 20 പൈസവരെ കൂട്ടാം; വൈദ്യുതി താരിഫ്‌ നിർണയ ചട്ടഭേദഗതി കരട്‌ പ്രസിദ്ധീകരിച്ചു


 


തിരുവനന്തപുരം: കേന്ദ്ര ഭേദഗതിക്കനുസൃതമായി സംസ്ഥാനത്തും വൈദ്യുതി താരിഫ്‌ നിർണയ ചട്ടഭേദഗതിക്കുള്ള കരട്‌ റെഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. വൈദ്യുതി വാങ്ങുന്നതിലും വിതരണത്തിലും കൂടുതൽ ചെലവ്‌ വരുമ്പോൾ ആ തുക സർചാർജായി ഈടാക്കുന്നതിലാണ്‌ ഭേദഗതി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

ഇനി മുതൽ കമീഷന്റെ അനുമതിയില്ലാതെതന്നെ മാസംതോറും യൂണിറ്റിന്‌ പരമാവധി 20 പൈസവരെ കെഎസ്‌ഇബിക്ക്‌ ഈടാക്കാമെന്നാണ്‌ ഭേദഗതി നിർദേശം. ചെലവുകുറഞ്ഞാൽ ഉപഭോക്താക്കൾക്ക് ബില്ലിൽ ഇളവുനൽകണം. എങ്കിലും നിലവിലെ സാഹചര്യത്തിൽ എല്ലാമാസവും ചെലവ് കൂടാനാണ് സാധ്യത. മാസം 40 യൂണിറ്റിൽ താഴെമാത്രം ഉപയോഗിക്കുന്നവരെ സർചാർജിൽനിന്ന് ഒഴിവാക്കി.

‌‌അധികച്ചെലവു മുഴുവൻ ഈടാക്കാമെന്നതിനുപകരം ഇന്ധനച്ചെലവിലെ വ്യത്യാസംമാത്രം (ഇന്ധന സർചാർജ്) ജനങ്ങളിൽനിന്ന് ഈടാക്കിയാൽമതിയെന്നാണ് സംസ്ഥാന കമ്മിഷന്റെ ചട്ടം. ഇത് കമ്മിഷനെ അതതുമാസം അറിയിക്കണം. അധിക ബാധ്യത പരിഹരിക്കാൻ തികയുന്നില്ലെങ്കിൽ കണക്കുകൾ സമർപ്പിച്ച്‌ ആറ്‌ മാസംകൂടുമ്പോൾ റെഗുലേറ്ററി കമീഷന്‌ ഹർജി നൽകാം. മാസവും എത്രതുക സർ ചാർജ്‌ ഈടാക്കിയെന്ന്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം.

കരട് ചട്ടങ്ങളെപ്പറ്റി പൊതുതെളിവെടുപ്പിലൂടെ കമ്മിഷൻ ഉപഭോക്താക്കളുടെ വാദം കേൾക്കും. ഒരുമാസത്തിനകം അഭിപ്രായങ്ങൾ അറിയിക്കണം.

20 പൈസ കൂടുന്നത് എങ്ങനെയെന്ന് നോക്കാം:

ഓരോമാസത്തെയും വൈദ്യുതോത്പാദനത്തിനുള്ള ഇന്ധനച്ചെലവ് സംബന്ധിച്ച് അടുത്തമാസം 25-ന് റെഗുലേറ്ററി കമ്മിഷൻ കണക്ക് പ്രസിദ്ധീകരിക്കണം. എത്ര പൈസവീതം യൂണിറ്റിന് ഈടാക്കുമെന്നും കമ്മിഷനെ അറിയിക്കണം. അതിന് അടുത്തമാസംമുതൽ ഈടാക്കാം.

ചെലവ് എത്രകൂടിയാലും ഒരു മാസം യൂണിറ്റിന് 20 പൈസയിൽ കൂടുതൽ ഈടാക്കാൻ പാടില്ല. ആ മാസത്തെ ബാധ്യത 20 പൈസയിൽ കൂടുതലാണെങ്കിൽ ശേഷിക്കുന്നത് അടുത്തമാസം ഈടാക്കാൻ മാറ്റിവെക്കണം.

മുൻമാസത്തേതുൾപ്പെടെ ആ മാസവും 20 പൈസമാത്രമേ ഈടാക്കാവൂ. ഇങ്ങനെ കുടിശ്ശികവന്നാൽ അത് ആറുമാസത്തിലൊരിക്കൽ കമ്മിഷന് പ്രത്യേക അപേക്ഷ നൽകണം. കമ്മിഷൻ അനുവദിച്ചാൽമാത്രം ഈ തുക ഈടാക്കാം.