പാചകം ചെയ്യാന്‍ ഗ്യാസ് പൈപ്പിലൂടെ വീട്ടിലെത്തും; ഉണ്ണികുളം പഞ്ചായത്തില്‍ ഗെയില്‍ ഗ്യാസ് വരുന്നു, പണി അവസാന ഘട്ടത്തില്‍


ബാലുശ്ശേരി: സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രധാന കേന്ദ്രമായ ഉണ്ണികുളം പഞ്ചായത്തിലെ അദാനി ഗ്യാസ് സ്റ്റേഷനി(സിറ്റി ഗേറ്റ് സ്റ്റേഷന്‍) ലേക്ക് പ്രകൃതി വാതക വിതരണം ആരംഭിച്ചു. വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പ്രകൃതി വാതകമെത്തിക്കുന്ന പദ്ധതിയുടെ ഒരു സുപ്രധാന ചുവടുവെപ്പാണിത്.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാചിയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിജില്‍രാജ് അധ്യക്ഷനായി.

 

മംഗളൂരു- കൊച്ചി പ്രധാന പൈപ്പ് ലൈനോട് ചേര്‍ന്ന് ഗെയില്‍ ഉണ്ണികുളം സ്ഥാപിച്ച സ്റ്റേഷനില്‍ നിന്നാണ് പ്രകൃതി വാതകമെത്തിക്കുന്നത്. ദിവസം ഏകദേശം മൂന്നരലകഷം യൂണിറ്റ് വാതക വിതരണം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ജില്ലയിലെ മൊത്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും.

 

പദ്ധതിയുമായി ബന്ധപ്പെട്ട് ഗെയിലിന്റെ ജോലികള്‍ ഇതോടെ പൂര്‍ത്തിയായി. നഗരങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലേക്കുള്ള പൈപ്പിടല്‍ സിറ്റി ഗ്യാസിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്യാസ് കമ്പനി പൂര്‍ത്തിയാക്കുന്നതോടെ പദ്ധതി യാഥാര്‍ഥ്യമാവും.

 

ആദ്യഘട്ടത്തില്‍ ഉണ്ണികുളം പഞ്ചായത്തിലെ വീടുകളിലാണ് പാചകവാതക വിതരണമെത്തിക്കുക.1200 ഓളം വീടുകളില്‍ പദ്ധതി നടക്കും.