നിറങ്ങൾ ചാലിച്ച ആ ചിത്രങ്ങൾ ജീവിതമായിരുന്നു, പേരാമ്പ്രക്കാരുടെ ഹൃദയം കീഴടക്കി മണ്മറഞ്ഞു പോയ ഓർമകളുടെ മുഖമാണയാൾക്ക്; നന്ദി ജീവിതം വരച്ചതിന്, ഓർമ്മകൾ അടയാളപ്പെടുത്തിയതിന്… (വീഡിയോ)
സൂര്യ കാര്‍ത്തിക
പേരാമ്പ്ര: പേരാമ്പ്രക്കാര്‍ക്ക് ജീവന്‍തുടിക്കുന്ന മനോഹര ദൃശ്യങ്ങള്‍ സമ്മാനിച്ച് അയാള്‍ എങ്ങോ പോയ് മറഞ്ഞു. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തുള്ള ചുമരിലാണ് തന്റെ കലാസൃഷ്ടി കൊത്തിവച്ച് കലാകാരന്‍ യാത്രയായയത്.
മുഷിഞ്ഞ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നഗരത്തിലൂടെ അയാള്‍ അലഞ്ഞുതിരഞ്ഞിരുന്നു. നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണാറുള്ള ഒരു വഴിപോക്കനെന്ന പരിഗണനയേ എല്ലാവരും അയാള്‍ക്കും നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മാര്‍ക്കറ്റ് പരിസരത്തുകൂടെ കടന്നുപോകുന്നവരുടെ കണ്ണുകളില്‍ അത്ഭുതം പടര്‍ത്തുന്ന ചിത്രരചന സമ്മാനിച്ചാണ് അയാളെകുറച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അദ്ദേഹം മാറ്റിയത്.
നീണ്ടുകിടക്കുന്ന ചുവര്‍ തന്റെ ക്യാന്‍വാസാക്കി അദ്ദേഹം വരച്ചുതുടങ്ങി. ചിത്രരചനയ്ക്ക് മാറ്റുകൂട്ടാനായി വിലകൂടിയ പെയിന്റുകളോ ബ്രഷുകളോ ഇല്ലാതിരുന്നിട്ടും മനോഹരചിത്രം അദ്ദേഹം വരച്ചെടുത്തു. പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കളുപയോഗിച്ച് അദ്ദേഹം പ്രകൃതിയെ തന്നെ വരച്ചെടുക്കുകയായിരുന്നു. മണ്ണും കരിയും ചോക്കും പച്ചിലയും പൂക്കളുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പണിയായുധങ്ങള്‍. വീടും മരവും അരുവികളുമെല്ലാമുള്ള ഗ്രാമീണ സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിത്രം.
സൂക്ഷമതയോടെ ഓരോ ഭാഗവും അദ്ദേഹം വരച്ചുതീര്‍ക്കുമ്പോള്‍ കാണികളില്‍ കൗതുകം നിറയുകയായിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ നോട്ടങ്ങള്‍ തന്നെ ബാധിക്കാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ നില്‍പ്. വര പൂര്‍ത്തീയായതോടെ തന്റെ നിയോഗം കഴിഞ്ഞ മട്ടില്‍ അദ്ദേഹം എങ്ങോട്ടോ പോയ് മറഞ്ഞു.
ഇയാള്‍ പല സ്ഥലത്തും ചുമരുകളില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലും സമാനമായ രീതിയില്‍ ചിത്രം വരച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ആളാരാണെന്നോ സ്വദേശമെവിടെ ആണെന്നോ ആര്‍ക്കുമറിയില്ല.
വീഡിയോ കാണാം