നാളികേരത്തിന് വില ഇടിഞ്ഞതോടെ ദുരിതത്തിലായ കേര കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരം; ബാലുശേരിയിലും പനങ്ങാട്ടും തെങ്ങിന് അജ്ഞാതരോഗം


ബാലുശേരി: നാളികേരത്തിന്റെ വില ഇടിഞ്ഞതോടെ ദുരിതത്തിലായ കര്‍ഷകര്‍ക്ക് വീണ്ടും ഇരുട്ടടിയായി തെങ്ങുകളിലെ അജ്ഞാത രോഗം. ബാലുശേരി, പനങ്ങാട് പഞ്ചായത്തുകളിലാണ് തെങ്ങുകളില്‍ അജ്ഞാത രോഗം പടരുന്നത്. പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളായ മഞ്ഞപ്പാലം, കാട്ടാംവള്ളി എന്നിവിടങ്ങളിലാണ് വ്യാപകമായി രോഗബാധ കണ്ടെത്തിയത്.

തെങ്ങിന്റെ ഓല പൊടുന്നനെ നശിച്ച് മടല്‍ മാത്രമാവുന്നതാണ് ആദ്യ രോഗലക്ഷണം. ദിവസങ്ങള്‍ പിന്നിടുമ്പോഴേക്ക് കൂമ്പും നശിച്ചുപോവും. തെങ്ങിന്റെ തൊലിക്ക് നിറവിത്യാസം വന്ന് മഞ്ഞളിപ്പ് പടരുന്നതോടെ തെങ്ങ് പൂര്‍ണമായി നശിക്കുന്നു.

കായ്ച്ചുതുടങ്ങിയ തെങ്ങുകള്‍ ഉള്‍പ്പെടെ നശിക്കുന്നത് കര്‍ഷകരില്‍ ആശങ്കപടര്‍ത്തിയിരിക്കയാണ്. രോഗം ബാധിക്കുന്നതോടെ തെങ്ങുകള്‍ മുറിച്ച് മാറ്റുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രദേശത്തെ അന്‍പതോളം കര്‍ഷകരുടെ തെങ്ങുകള്‍ രോഗം വന്ന് നശിച്ചു. നാളികേരത്തിന്റെ വിലത്തകര്‍ച്ചക്കിടെ എത്തിയ രോഗബാധ കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായി.

രോഗം സംബന്ധിച്ച് പഠിക്കാന്‍ കൃഷിവകുപ്പ് നടപടി ആരംഭിച്ചു. കാസകോട് സി.പി.സി.ആര്‍.ഐയെ വിവരം അറിയിച്ചിട്ടുണ്ട്. ചെന്നീരൊലിപ്പ്, തഞ്ചാവൂര്‍ വാട്ടം, കാറ്റുവീഴ്ച എന്നീ രോഗങ്ങളില്‍ ഏതെങ്കിലുമാകാനുള്ള സാധ്യതയാണ് കൃഷി വകുപ്പുദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്. കാര്യക്ഷമമായ പരിഹാര നടപടിയുണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

summary: unknown disease in coconuts in balussery and panagad region