റബ്ബര്‍ വെട്ടാന്‍ ‘കാട്ടിലൂടെ’ പോകണം; പേരാമ്പ്ര എസ്റ്റേറ്റില്‍ അടിക്കാട് കൃത്യമായി വെട്ടിനീക്കാത്തതിനാല്‍ ദുരിതത്തിലായി ടാപ്പിങ് തൊഴിലാളികള്‍
പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷനു കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ ദുരിതത്തില്‍. തോട്ടത്തിലെ അടിക്കാട് വെട്ടാത്തതാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണം. മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
943 ഹെക്ടര്‍ വരുന്ന പേരാമ്പ്ര എസ്റ്റേറ്റില്‍ 470 ഹെക്ടര്‍ സ്ഥലത്താണ് റബ്ബറുള്ളത്. 1.24 ലക്ഷം റബ്ബര്‍ മരങ്ങളാണ് ഇവിടെയുള്ളത്.
പുറത്തുനിന്ന് യന്ത്രംകൊണ്ടുവന്ന് കാടുവെട്ടിക്കാന്‍ ഇത്തവണയും ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, കൃത്യമായി ഫണ്ട് നല്‍കാത്തതിനാല്‍ ഒരുവിഭാഗം ജോലി മതിയാക്കുകയായിരുന്നു. അതിഥിത്തൊഴിലാളികള്‍ ഇപ്പോള്‍ യന്ത്രമുപയോഗിച്ച് ഒരുഭാഗത്ത് അടിക്കാട് വെട്ടുന്നുണ്ട്.
എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികള്‍തന്നെ ടാപ്പിങ് ജോലിക്കുശേഷം അധികജോലിയായി അടിക്കാടുവെട്ടാനും പോകാറുണ്ട്. എന്നാല്‍, ഇത് പേരിനുമാത്രമാണ് നടക്കുന്നത്.അതിരാവിലെ നാലോടെ വീട്ടില്‍നിന്ന് ജോലിക്കായി ഇറങ്ങുന്നവരാണ് തൊഴിലാളികള്‍. ഉച്ചവരെയാണ് ജോലി. അതുകഴിഞ്ഞ് അധികജോലി ചെയ്യാന്‍ മിക്കവരും താത്പര്യം കാണിക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
സി ഡിവിഷനില്‍പ്പെട്ട 73-ാം ഏരിയയിലാണ് അടിക്കാട് വെട്ടാത്തതുമൂലം തൊഴിലാളികള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഇവിടെ റബ്ബര്‍മരത്തിന്റെ അടിപ്പട്ടയാണ് ഇപ്പോള്‍ വെട്ടേണ്ടത്. പാലെടുക്കന്ന ഭാഗംവരെ കാട് നിറഞ്ഞുകിടക്കുകയാണ്. വനത്തോടുചേര്‍ന്നുകിടക്കുന്ന മേഖലയാണിത്. മുമ്പ് റബ്ബര്‍പാല്‍ കളക്ടിങ് സ്റ്റേഷന്‍ ആനകളെത്തി തകര്‍ത്തിരുന്നു. കുറ്റിക്കാടുകള്‍ വെട്ടാത്തത് ആനകളുടെ സൈ്വര്യവിഹാരത്തിനും സഹായകമാകുകയാണ്.