‘ഞങ്ങളുടെ ജീവിതം റെഡ് സോണിലാക്കരുത്’, മനുഷ്യമതില്‍ ജനസാഗരമായി; ബഫര്‍സോണിനെതിരെ ഒറ്റക്കെട്ടായി ചക്കിട്ടപ്പാറക്കാര്‍


ചക്കിട്ടപ്പാറ: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഫര്‍ സോണ്‍ വിരുദ്ധ മനുഷ്യ മതിലില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നുമായി ആയിരങ്ങള്‍ പങ്കാളികളായി. മലയോരമേഖലയെ ഒന്നടങ്കം ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ അവര്‍ ഒറ്റക്കെട്ടായി അണിചേരുകയായിരുന്നു. കനത്ത മഴയെപ്പോലും അവഗണിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകള്‍ മനുഷ്യമതിലായി മാറിയപ്പോള്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണവര്‍.


.
പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ ആണ് മനുഷ്യമതില്‍ തീര്‍ത്തത്. മനുഷ്യ മതിലില്‍ പങ്കെടുത്തവര്‍ക്ക് ബഫര്‍ സോണ്‍ വിരുദ്ധ സത്യപ്രതിജ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ചൊല്ലി കൊടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വടകര എം.പി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.എം ഏരിയ സെക്രട്ടറിയും ആയ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിപ്പി മനോജ്, ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ആളുകളും മനുഷ്യ മതിലില്‍ പങ്കാളികളായി.

ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ്, എഡി.എസ് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം മനുഷ്യ മതിലില്‍ പങ്കെടുത്തു.

summery: under the leadership of chakkittapara grama panchayath, the human wall was comleted on the buffer zone issue