കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിൽ താമസിക്കാൻ കഴിയുന്നില്ല; പേരാമ്പ്ര പോലീസിന്റെ സഹായത്താൽ ഭർതൃവീട്ടിൽ കയറി യുവതി
പേരാമ്പ്ര: കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിൽ താമസിക്കാൻ കഴിയായിതിരുന്ന യുവതിയെ ഭർതൃ വീട്ടിൽ കയറ്റി പേരാമ്പ്ര പോലീസ്. കോട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ മൂലാട് അങ്കണവാടിക്ക് സമീപം പാറക്കണ്ടി സജീവന്റെ ഭാര്യ കോട്ടയം പെൻകുന്നം സ്വദേശിനി ലിജി (49) ആണ് 2 ദിവസമായി വീടിന് പുറത്തായത്. ഇന്നലെ പൊലീസിന്റെ സാന്നിധ്യത്തിൽ ലിജി ഗേറ്റിന്റെ പൂട്ടു പൊളിച്ച് വീടിന്റെ വരാന്തയിൽ എത്തി. ഇന്നലെ രാത്രിയോടെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.ജംഷീദിന്റെ നേതൃത്വത്തിൽ വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചത്.
പഞ്ചാബിലെ ലുധിയാനയിലെ ജോലി സ്ഥലത്തു നിന്നു നാട്ടിൽ എത്തിയപ്പോഴത്തെ അവസ്ഥയാണിത്. 28 വർഷം മുൻപായിരുന്നു സജീവന്റെയും ലിജിയുടെയും വിവാഹം. പഞ്ചാബിൽ എത്തിയ സജീവനെ പരിചയപ്പെട്ട ലിജി പിന്നീട് സജീവനെ വിവാഹം ചെയ്യുകയായിരുന്നു. ലിജിയുടെ സഹായത്തോടെ അന്നു സജീവന് അവിടെ ജോലിയും കിട്ടി. പിന്നീട്, സജീവൻ ലിജിയുടെ ആളുകളുടെ സഹായത്തോടെ അമേരിക്കയിൽ എത്തി. 3 വർഷം മുൻപ് ലിജി തനിക്കും മകൾക്കും വീടും സ്ഥലവും നൽകണമെന്നും ചെലവിനു നൽകണമെന്നും ആവശ്യപ്പെട്ട് സജീവനെതിരെ പേരാമ്പ്ര കോടതിയിൽ അന്യായം ഫയൽ ചെയ്തിരുന്നു.

2023 ഒക്ടോബർ 19ന് കോടതി ഇവർക്കു വീട്ടിൽ കയറി താമസിക്കാൻ ഉത്തരവ് നൽകി. എന്നാൽ, വീട്ടിലെത്തിയ ലിജിയെ ഭർത്താവിന്റെ സഹോദരങ്ങൾ കയറാൻ അനുവദിച്ചില്ല. സജീവൻ നാട്ടിൽ ഇല്ലാത്തതിനാൽ തിരിച്ചു പോയ ലിജി, കഴിഞ്ഞ വിഷുവിന് സജീവനും ഒപ്പം അമേരിക്കക്കാരിയായ യുവതിയും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണു പഞ്ചാബിലെ ജോലി സ്ഥലത്തുനിന്നു മൂലാട് എത്തിയത്. എന്നാൽ, വീട് സജീവന്റെ സഹോദരന്റെ പേരിലാണെന്ന് കാണിച്ച് ലിജിയെ വീട്ടിൽ കയറാൻ അനുവദിച്ചില്ല.
19ന് വീട്ടിൽ കയറി താമസിക്കാൻ കോടതി ഉത്തരവ് ഇറക്കിയ ശേഷം സജീവൻ വീടും സ്ഥലവും സഹോദരൻ ബിജുവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലെത്തിയ സജീവനും സുഹൃത്തായ യുവതിയും ഇപ്പോൾ തറവാട് വീട്ടിലാണു താമസമെന്നും ലിജി പറഞ്ഞു. 25 വയസ്സുള്ള മകളും താനും താമസിക്കാൻ വീടില്ലാതെ പ്രയാസത്തിൽ ആണെന്നു കാണിച്ചാണ് ലിജി ഇപ്പോൾ കോടതിയെ സമീപിച്ചത്. കോടതി ഇവർക്ക് വീട്ടിൽ കയറി താമസിക്കാൻ അവസരം ഒരുക്കാൻ പേരാമ്പ്ര പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പൊലീസ് സജീവന്റെ വീട്ടിൽ എത്തി വീട് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സജീവനും കുടുംബവും ഇതുവരെ അതിനു തയാറായിട്ടില്ല. ഒറ്റയ്ക്ക് നാട്ടിൽ എത്തിയ ലിജി 2 ദിവസമായി വീട്ടിലെ വരാന്തയിലാണ് കഴിയുന്നത്. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ലിജി പറഞ്ഞു.