ഒരു നാട്ടിലെ ഭൂരിഭാഗം യുവാക്കൾക്കും തൊഴിൽ നൽകുന്ന സ്ഥാപനം, ലോകത്തിലെ സഹകരണ സംഘങ്ങളിൽ രണ്ടാം സ്ഥാനം; ഊരാളുങ്കൽ ദേശത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച യുഎൽസിസിഎസിന് ഇന്ന് നൂറ് വയസ്
വടകര: ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്ക് ഇന്ന് നൂറ് വയസ്. 1925ൽ വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച പരിഷ്കരണ പ്രസ്ഥാനമായിരുന്ന ആത്മവിദ്യാ സംഘത്തിലെ തൊഴിലാളികളുടെ പരസ്പര സഹായ സഹകരണ സംഘത്തിൽനിന്നുമാണ് യു.എൽ.സി.സി.എസിന് തുടക്കം കുറിച്ചത്. അന്നത്തെ അണയിൽ നിന്ന് തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് അൻപതിനായിരത്തിലധികം കോടി രൂപയുടെ ആസ്തിയുണ്ട്.
1925 ഫെബ്രുവരി 13ന് 16 പേരടങ്ങുന്ന തൊഴിലാളികൾ അന്ന് നാലണ വീതം എടുത്താണ് സംഘത്തിന് രൂപം നൽകിയത്. 925 രൂപയുടെ റോഡ് പ്രവൃത്തിയായിരുന്നു ആദ്യമായി ഏറ്റെടുത്ത വലിയ കരാർ. അതിൽ തുടങ്ങി പിന്നീടങ്ങോട്ട് സൊസൈറ്റിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഒരു നാട്ടിലെ ഭൂരിഭാഗം യുവാക്കൾക്കും തൊഴിൽ നൽകുന്ന സ്ഥാപനമായി സൊസൈറ്റി അനുദിനം വളർന്നു. 18,000 തൊഴിലാളികളാണ് ഇന്ന് ഇവിടെ ജോലിചെയ്യുന്നത്. ഇതിൽ കാൽഭാഗം പേർ ഇതര സംസ്ഥാനതൊഴിലാളികളാണ്.

ഇന്ന് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒന്നാണ് യു.എൽ.സി.സി.എസ്. മാത്രമല്ല ലോകത്തിലെ സഹകരണ സംഘങ്ങളിൽ രണ്ടാം സ്ഥാനമാണ് ഊരാളുങ്കലിനുള്ളത്. നിർമ്മാണ മേഖലയിൽ മാത്രമല്ല ഐ.ടി മേഖലയിലും സൊസൈറ്റി അവരുടേതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. സൊസൈറ്റിക്കൊപ്പമുള്ള തൊഴിലാളികളാണ് ഈ വിജയത്തിന് പിന്നിലെന്ന് ചെയർമാൻ പാലേരി രമേശൻ ഉറപ്പിച്ച് പറയുന്നു.
മടപ്പള്ളി വൊക്കേഷൺ ഹയർസെക്കണ്ടറി സ്കൂളിന്റെ ഇന്ന് കാണുന്ന രൂപമാറ്റത്തിന് പിന്നിലും നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിലേക്കുള്ള വാഗ്ഭടാനന്ദ പാർക്ക് റോഡിന് പിന്നിലും ഈ സൊസൈറ്റിയാണ്. സൊസൈറ്റിയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുന്ന തൊഴിലാളികളുടെ കുടുംബങ്ങളേയും യുഎൽസിസിഎസ് കൈവിടുന്നില്ല. അവരുടെ ആരോഗ്യ, വിദ്യാഭ്യാസ ക്ഷേമ കാര്യങ്ങളെല്ലാം സൊസൈറ്റി സൂക്ഷമതയോടെ ശ്രദ്ധിക്കുന്നുണ്ട്.