യു.ജി.സി, നെറ്റ്, പി.എസ്.സി, കോച്ചിംഗ് എന്തുമാവട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുണ്ട്; അറിയാം വിശദമായി


ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കമ്മീഷന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികള്‍ക്കായി വിവിധ പരിശീലന പരിപാടികളും സ്‌കോളര്‍ഷിപ്പുകളും നല്‍കി വരുന്നുണ്ട്. കൂടാതെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാകുന്ന പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും നിലവിലുണ്ട്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായ പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്.

വിശദമായി നോക്കാം

കരിയര്‍ ഗൈഡന്‍സ് പരിശീലനം

താത്പര്യമുള്ള കോഴ്‌സുകള്‍ അഭിരുചി അനുസരിച്ച് തെരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ഥികളെ ഒരുക്കുന്നതിനായി ജില്ലകള്‍ തോറും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് മുഖ്യമായും ഇതില്‍ ലക്ഷ്യം വയ്ക്കുന്നത്. ബി.പി.എല്‍ വിഭാഗത്തിന് മുന്‍ഗണന നല്കുന്നതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് നിശ്ചിത ശതമാനം സംവരണവും ഏര്‍പ്പെടുത്തുന്നുണ്ട്.

സൗജന്യ പരിശീലന കേന്ദ്രങ്ങള്‍

കേരളാ പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് സര്‍വീസ് പരീക്ഷകള്‍, ആര്‍.ആര്‍.ബി തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍, വിവിധ കോഴ്‌സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് ഈ കേന്ദ്രങ്ങളില്‍ പരിശീലനം സൗജന്യമായി നല്കുന്നു. പരമാവധി ആറു മാസം വരെ പരിശീലനം ലഭിക്കും. ഇവ കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം ജോലികള്‍ക്ക് അപേക്ഷിച്ചിട്ടുള്ള 30 മുതല്‍ 40 വരെ ഉദ്യോഗാര്‍ഥികള്‍ പരീശീലനം ആവശ്യപ്പെട്ടാല്‍ നിശ്ചിത കാലത്തേക്ക് പരിശീലനം നല്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ന്യുനപക്ഷ യുവജനതയ്ക്കുള്ള സൗജന്യ പരീശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

യുജിസി, നെറ്റ് കോച്ചിംഗ്

ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ റിസര്‍ച്ച് ഫെലോഷിപ്പിന് തയാറെടുക്കുന്നവര്‍ക്ക് പരിശിലനം നല്‍കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ തൊഴില്‍ യോഗ്യതയും പ്രാതിനിധ്യവും വര്‍ധിപ്പിക്കുന്നതിന് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഇതില്‍ നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.

എന്‍.ടി.എസ് കോച്ചിംഗ്

ദേശീയ തലത്തില്‍ നല്കി വരുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പരിശീലനം നല്കുന്നു. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയുടെ ഒന്നാം ഘട്ടം പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത ലഭിക്കുക.

ഈ പരീക്ഷകളില്‍ യോഗ്യത നേടുന്നതോടൊപ്പം ദേശീയ തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കാനും സാധിക്കും. ഈ പരിശീലനത്തിനും നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണല്‍ ഓഫിസുകളില്‍ നിന്നു ലഭിക്കും.