പേരാമ്പ്ര താലൂക്ക് ആശുപത്രി ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധന്; യുഡിഎഫ് പ്രതിഷേധം; നടപടി പിന്‍വലിച്ച് ആശുപത്രി അധികൃതര്‍


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെതിരെ യുഡിഎഫ് പ്രതിഷേധിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒ.പി ടിക്കറ്റ് ചാര്‍ജ് 5 രൂപയില്‍ നിന്നും 10 രൂപയാക്കി വര്‍ദ്ധിപ്പിക്കുവാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആശുപത്രിക്കു മുന്‍പില്‍ സമരം നടത്തി.

താലൂക്ക് ആശുപത്രിയില്‍ അനുവദിക്കേണ്ട സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, എക്‌സറേ സംവിധാനം പേരാമ്പ്ര ആശുപത്രിയില്‍ നിലച്ചിട്ട് മാസങ്ങളോളമായി, വൈകുന്നേരമായാല്‍ ഫാര്‍മസി പ്രവര്‍ത്തിക്കാറില്ല, ആവശ്യത്തിന് സെപ്ഷ്യാലിറ്റി ഡോക്ടര്‍മാരില്ല, ആയിരക്കണക്കിന് രോഗികള്‍ നിത്യേന ആശ്രയിക്കുന്ന പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാകുന്നത്, ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്താണ്, ദിവസ വേതനത്തില്‍ സ്വന്തക്കാരായ ജീവനക്കാരെ നിയമിക്കേണ്ടതിലേക്കാണ് ഇപ്പോള്‍ വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം, അതിന് പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണ് എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫിന്റെ പ്രതിഷേധം.

ആശുപത്രി അധികൃതരുടെ ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. പ്രതിഷേധ സമരം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. കെ.പി. റസാക്ക് അദ്ധ്യക്ഷനായി. വി.വി. ദിനേശന്‍, ആര്‍.കെ. മുഹമ്മദ്, കെ.പി. മുഹമ്മദ് രാജേഷ് തറവട്ടത്ത്, വി.പി. സുരേഷ്, പി.കെ. മജീദ്, സി.കെ. ആസിഫ് എന്നിവര്‍ സംസാരിച്ചു.

ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണന്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും ഒ.പി. ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ എടുത്ത തീരുമാനം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സമരം അവസാനിപ്പിച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതിശക്തമായ സമരങ്ങള്‍ക്ക് യുഡിഎഫ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.