കുരാച്ചുണ്ട് പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം തുടരും; ലീഗിലെ ഒ.കെ. അമ്മദ് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു


പേരാമ്പ്ര: എൽഡിഎഫിനൊപ്പം ചേർന്ന് വീണ്ടും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്ക് തോൽവി. ഇതോടെ പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം തുടരും. മുസ്‌ലിംലീഗിലെ ഒ.കെ. അമ്മദ് അഞ്ചിനെതിരേ എട്ടുവോട്ട് നേടി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് വരണാധികാരി എം.വിധു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

യു.ഡി.എഫിലെ വോട്ടുകൾക്കുപുറമേ സ്വതന്ത്രൻ അരുൺ ജോസിന്റെ വോട്ടും ഒ.കെ. അമ്മദിന് ലഭിച്ചിരുന്നു. പരാജയത്തിന് പിന്നാലെ ഗ്രാമപ്പഞ്ചായത്ത് അംഗത്വം പോളി കാരക്കട രാജിവെക്കുകയും ചെയ്തു. കഴിഞ്ഞ 31 വർഷമായി കൂരാച്ചുണ്ട് പഞ്ചായത്ത് മെമ്പറായ അമ്മദ് ആദ്യമായാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്.

അവസാനവർഷം മുസ്‌ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന ജില്ലാതലത്തിലെ മുന്നണിധാരണ പാലിക്കാത്തതിനെത്തുടർന്ന് ലീഗ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായാണ് പോളി കാരക്കടയ്ക്ക് ജനുവരി 27-ന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. സ്ഥാനത്തുനിന്ന് മാറാനുള്ള നിർദേശമനുസരിക്കാത്തതിനാൽ പോളിയെ കോൺഗ്രസിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് സസ്പെൻഡ്‌ ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാമെന്നും മുസ്‌ലിംലീഗിന് പ്രസിഡന്റ് സ്ഥാനം നൽകാൻ കഴിയില്ലെന്നുമായിരുന്നു പോളിയുടെ നിലപാട്. മുസ്‌ലിംലീഗിനുതന്നെ പ്രസിഡന്റ് സ്ഥാനം നൽകണമെന്ന തീരുമാനം കോൺഗ്രസ് അംഗങ്ങളും പിന്തുണച്ചിരുന്നു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒ.കെ. അമ്മദിനെ വിജയിപ്പിക്കാൻ കോൺഗ്രസ് വിപ്പും നൽകിയിരുന്നു.