ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാർഡ് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.മുംതാസ്


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാർഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. വനിതലീഗ് പഞ്ചായത്ത് സെക്രട്ടറിയും കക്കറമുക്ക് സ്വദേശിയുമായ പി. മുംതാസാണ് സ്ഥാനാര്‍ത്ഥി. കക്കറ മുക്കില്‍ നടന്ന യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് മുംതാസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ് മുംതാസിന്റേത്. ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ പേരാമ്പ്ര മണ്ഡലം വനിത വിംങ്ങ് പ്രസിഡന്റ് കൂടിയാണ് മുംതാസ്. പ്രവാസിയായ കോരച്ചാലില്‍ മുഹമ്മദിന്റെ ഭാര്യയാണ്. മൂന്ന് മക്കളാണുള്ളത്.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഭരണത്തെ തന്നെ സാധീനിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ 11 വോട്ടിന് കൈവിട്ടു പോയ വാര്‍ഡ് പിടിച്ചെടുക്കുന്നതോടൊപ്പം നറുക്കെടുപ്പിലൂടെ ലഭിച്ച പഞ്ചായത്ത് ഭരണം നിലനിര്‍ത്തുക എന്നതും യു.ഡി.എഫിന് വെല്ലുവിളിയാണ്. ഈ ലക്ഷ്യത്തോടെയാണ് യു.ഡി.എഫ്. 35കാരിയായ മുംതാസിനെ രംഗത്തിറക്കിയിരിക്കുന്നത്.

ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇ.ടി. രാധ അസുഖ ബാധിതയായി മരണപ്പെട്ടതിനെ തുടര്‍ന്നാണ് 15-ാം വാര്‍ഡായ കക്കറമുക്കില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. മാര്‍ച്ച് ഒന്നിന് വോട്ടെണും.

summary: UDF candidate announced for Cheruvannur by-election