തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍
പയ്യോളി: തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. വടകര താഴെ അങ്ങാടി കരക്കെട്ടിന്റവിട ഫായിസ് (18), കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റില്‍ വരയ്ക്കുതാഴെ വീട്ടില്‍ അഫീല്‍ (31) എന്നിവരാണ് പിടിയിലായത്.
തിക്കോടിയിലെ കല്ലകത്ത് ബീച്ചിനടുത്താണ് സംഭവം. തെക്കേ പൂവഞ്ചാലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ എന്ന എഴുപതുകാരിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇവര്‍ സഫിയയുടെ വീട്ടിലെത്തിയത്. അപ്പോള്‍ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയായിരുന്നു സഫിയ. അടുക്കള വാതില്‍ തുറന്ന് അകത്തെത്തിയ മോഷ്ടാവ് സഫിയയുടെ അഞ്ച് പവന്‍ തൂക്കമുള്ള മാല പൊട്ടിച്ച് ഓടുകയായിരുന്നു.
എന്നാല്‍ പിടിവലിക്കിടെ മോഷ്ടാവിന്റെ കയ്യില്‍ നിന്ന് മാല താഴെ വീണു. തുടര്‍ന്ന് ഇയാള്‍ പുറത്തേക്കോടി അവിടെ ബൈക്കുമായി കാത്തുനിന്ന കൂട്ടാളിക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടുന്നതിനിടെ റോഡിലെ ഹമ്പില്‍ ബൈക്ക് കയറിയിറങ്ങിയപ്പോള്‍ മോഷ്ടാക്കളില്‍ ഒരാളുടെ ഫോണ്‍ തെറിച്ചുവീണു. ഇത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.
ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ഫോണ്‍ ലഭിക്കുകയും അത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴി തുറന്നത്.
രക്ഷപ്പെടുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ബൈക്ക് തിക്കോടിയില്‍ ഉപേക്ഷിച്ച് ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി അഫീലിനെ വടകര സ്റ്റാന്റിനടുത്തു വെച്ചും രണ്ടാം പ്രതി ഫായിസിനെ വീട്ടില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. പയ്യോളി എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ ജിജോ, എന്‍.എം സുനില്‍ എന്നിവരങ്ങെിയ പോലീസ് സംഘമാണ് ഞായറാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം രണ്ട് പ്രതികളെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.