കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട്; കക്കയത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, 30 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി


കൂരാച്ചുണ്ട്: കനത്ത മഴെത്തുര്‍ന്ന ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതലായി കക്കയത്ത് രണ്ട് ദുതിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. കക്കയം ഗവണ്‍മെന്റ് സ്‌കൂള്‍, കരിയാത്തന്‍പാറ സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. അമ്പലക്കുന്ന് ആദിവാസിക്കോളനിയിലെയും കരിയാത്തന്‍മ്പാറ ഡാം സൈറ്റിലെയും മുപ്പതോളം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചതെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കക്കയം മേഖലകളില്‍ വെളളമുയരാന്‍ സാധ്യതയുള്ളതിനാലും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും മുന്‍കരുതലായാണ് ഈ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരിക്കുന്നത്. അടുത്ത നാലുദിവസം ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടറുടെ നിര്‍ദേശമുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ്, താഹ്സില്‍ദാര്‍, ഡെപ്യൂട്ടിതാഹ്സില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ആഗസ്റ്റ് മൂന്ന് നാല് തിയ്യതികളില്‍ കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത നാലുദിവസത്തേക്ക് ക്വാറികള്‍ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ലഭ്യമായ ക്വാറി ഉല്പന്നങ്ങള്‍ നീക്കുന്നതിന് തടസമില്ല.

വെള്ളച്ചാട്ടങ്ങളും നദീതീരവുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടും. ജില്ലയില്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിവരങ്ങള്‍ക്ക്: താമരശേരി: 0495-2223088, കൊയിലാണ്ടി: 0496-2620235, വടകര: 0496-2522361, കോഴിക്കോട്: 0495-2372966.

summery: two relief camps were started in kakkayam and 30 family were shifted to the camp because of red alert existed in kozhikode