ദുരിതപ്പെയ്ത്ത്‌: വടകരയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍, എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ


വടകര: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇന്നലെ പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് പലരെയും ക്യാംപുകളിലെത്തിച്ചത്.

ക്യാംപുകളില്‍ ഉള്ളവര്‍ക്ക് നിലവില്‍ കിടക്കാന്‍ ആവശ്യമായ ബെഡ്, ഭക്ഷണങ്ങള്‍ എല്ലാം എത്തിച്ചതായി വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു വടകര ഡോട് ന്യൂസിനോട് പറഞ്ഞു. നിലവില്‍ 18 ദുരിതാശ്വാസ ക്യാംപുകളാണ് വടകര താലൂക്കില്‍ തുറന്നത്. 330 കുടുംബങ്ങളില്‍ നിന്നായി 1135പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്‌.

വടകര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള സൈക്ലോൺ ഷെൽട്ടറിൽ വാർഡ് 11ലെ ഇടത്ത് താഴെക്കുനി ദേവു (78), രാജേഷ് (38) എന്നിവരെയാണ് ഇന്നലെ മാറ്റിപ്പാര്‍പ്പിച്ചത്‌. പുതുപ്പണം ജെഎന്‍എം ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ വാർഡ് 30ലെ കൊയിലോത്ത് വയലില്‍ അജിത (48), കുഞ്ഞലീമ കേളോത്ത് വയലിൽ (70), റംല കേളോത്ത് വയലിൽ (49), മുരളീധരൻ കേളോത്ത് വയലിൽ (49), ഷംസുദ്ദീൻ കേളോത്ത് വയലിൽ (50), നളിനി വെൺമണി താഴെവയലിൽ (67) എന്നിവരെയാണ് ഇന്നലെ മാറ്റിപ്പാര്‍പ്പിച്ചത്‌.

ക്യാംപ്‌ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്നതാണ്. മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ള 9400491865 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.