ജനല്‍ചില്ല് ഉപയോഗിച്ച് അക്രമണം; ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്.ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്
നാദാപുരം: ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതി എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ചു. എടച്ചേരി ഇരിങ്ങണ്ണൂര്‍ സ്വദേശി ചിറക്കംപുനത്തില്‍ മുഹമ്മദലി(32) ആണ് പോലീസുകാരെ മര്‍ദിച്ചത്. ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. നാദാപുരം എസ്.ഐ എം നൗഷാദ്, റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് അംഗം വി.വി ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്.ഐയുടെ കൈക്കും, ഷാജിക്ക് കാലിനുമാണ് കുത്തേറ്റത്. ഇരുവരും നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ പരിധിയിലെ ചുങ്കപ്പിലാവിലെ തട്ടുകടയിലെ തൊഴിലാളിയായ പ്രതി മുഹമ്മദലി കഴിഞ്ഞ ഞായറാഴ്ചകട ഉടമയുടെ 30,000രൂപയും ബൈക്കും മോഷ്ടിച്ചു. ശേഷം ഒളിവില്‍ പോവുകയും ചെയ്തു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ ഇരിങ്ങണ്ണൂരില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടിലെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ അക്രമിച്ചത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് ജനല്‍ കഷ്ണം ഉപയോഗിച്ചായിരുന്നു അക്രമണം. എന്നാല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയെ പോലീസ് സംഘം പ്രതിയെ ബലമായി പിടികൂടി. 2023 ഫെബ്രുവരിയില്‍ എടച്ചേരിയിലെ ഒരു ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടം പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
Description: Two policemen, including an SI, were injured in the attack by the accused in Iringannur