കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു; വളയത്ത് രണ്ട് പേർ അറസ്റ്റിൽ


നാദാപുരം: കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദ് (38), വാണിമേൽ സ്വദേശി കൊയിലോത്തുങ്കര ഇസ്മയിൽ (36) എന്നിവരാണ് അറസ്റ്റിലായത്.

എംഡിഎംഎ കേസുകളിൽ സ്ഥിരം പ്രതിയായതോടെയാണ് ചേണികണ്ടി നംഷിദിനെ കഴിഞ്ഞ ഏപ്രിലിൽ കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിൽ ആറ് മാസത്തേക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാട് കടത്തിയത്. ഓഗസ്റ്റിൽ നംഷിദിനെ എംഡിഎംഎയുമായി വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ താനക്കോട്ടൂരിൽ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിനും ലഹരി കടത്ത് കേസിലും ഉൾപ്പെട്ട് അറസ്റ്റിലായി.

കഞ്ചാവ് വിൽപ്പന, മോഷണം, അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കൊയിലോത്തുങ്കര ഇസ്മയിലിനെ 2024 മെയിൽ നാട് കടത്തിയത്. ഇസ്മയിൽ കാപ്പ ലംഘിച്ച് ഒക്ടോബർ 10 ന് കല്ലാച്ചിയിൽ പിടിയിലാവുകയായിരുന്നു. തുടർന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വീണ്ടും നാട് കടത്തുകയായിരുന്നു. വയനാട്, കോഴിക്കോട് ജില്ലകളിൽ കേസുകളിൽ പ്രതിയാണ് ഇസ്മായിൽ.