വിൽപ്പനയ്ക്കെത്തിച്ച ലഹരി വസ്തുക്കളുമായി കൂത്താളി, കൽപ്പത്തൂർ സ്വദേശികൾ പിടിയിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ വിൽപ്പനയ്ക്കായെത്തിച്ച ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂത്താളിയിലെ പുത്തൂച്ചാലിൽ നവാസ്, കൽപത്തൂരിലെ പുതുക്കുടി ഷമീം എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസാണ് യുവാക്കളെ പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 240 പാക്കറ്റ് ഹാൻസ്, 102 പാക്കറ്റ് കൂൾ ലിപ് എന്നിവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പേരാമ്പ്ര മാർക്കറ്റിനടുത്ത് വില്പനയ്ക്ക് എത്തിയതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര എസ്.എച്ച്.ഒ ബിനു തോമസിൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സ്കോഡ് അംഗമായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, സജീവൻ, രമ്യേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര ഭാഗങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനായി ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്ന് പേരാമ്പ്ര എസ്.എച്ച്.ഒ ബിനു തോമസ് അറിയിച്ചു.