‘കൂട്ടമായി ആക്രമിച്ച ശേഷം തല വെള്ളത്തിൽ മുക്കിപ്പിടിച്ചു’; ബാലുശ്ശേരിയിൽ ഡി.വെെ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് ലീഗ് പ്രവർത്തകർ പിടിയിൽ


ബാലുശ്ശേരി: ബാലുശ്ശേരി പാലോളിമുക്കിൽ ഡി.വെെ.എഫ്.ഐ പ്രവർത്തകനെ ആൾക്കൂട്ട ആക്രമണത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് മുസ്‌ലിം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ. തിരുവോട് പുത്തലത്ത്കണ്ടി മുർഷിദ് (22), പെരൂളിപൊയിൽ മുഹമ്മദ് ഫായിസ് (24) എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്‌ കോടതി റിമാൻഡ്ചെയ്തു.

ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണുവാണ് കഴിഞ്ഞ മാസം ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ജിഷ്ണുവിനെ ഓരുകൂട്ടം ആളുകൾ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പോസ്റ്റര്‍ കീറി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. ജിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സഫീർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഭവത്തിൽ കണ്ടാലറിയുന്ന 20 പേരുൾപ്പെടെ 30 പ്രതികളാണുള്ളത്.

ചിത്രം: മുർഷിദ്, ജിഷ്ണു, മുഹമ്മദ് ഫായിസ്