പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പേരാമ്പ്ര: പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വയനാട് സ്വദേശികളായ ഷെഹീല്‍, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇര്‍ഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. നേരത്തെ പ്രദേശത്തെ ചില നാട്ടുകാരും സമാനമായ മൊഴി പൊലീസിന് നല്‍കിയിരുന്നു. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. ഇതിനിടെ, കഴിഞ്ഞ ദിവസം ഇര്‍ഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. എന്നാല്‍ പുറത്ത് വന്ന വീഡിയോ ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസിന്റെയും ബന്ധുക്കളുടെയും വിശദീകരണം.
ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇര്‍ഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാള്‍ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണം തിരികെ വേണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.
summery: two more people have been arrested in the case where a youth was cheated by a gold smuggling group in pandirikkara