ട്രോളിംഗ് നിരോധനം 31 അവസാനിക്കും; പ്രതീക്ഷയുടെ വലയെറിയാനുള്ള ഒരുക്കത്തിലാണ് ചോമ്പാലയിലെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും
ചോമ്പാല: ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കാനിരിക്കെ ബോട്ടുകള്‍ കടലിലിറക്കുന്നതിനായുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും. ലക്ഷങ്ങള്‍ ചെലവിട്ട് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയും വലകളും മറ്റും പുതുക്കിയും കേടുപാടുകള്‍ തീർത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.
ഇന്ധനം ശേഖരിച്ചു തുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസല്‍ ബങ്കുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവർത്തിച്ചു തുടങ്ങി. അവശേഷിക്കുന്ന ദിവസങ്ങളില്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി ഇന്ധനവും ഐസും റേഷനും ശേഖരിച്ചുതുടങ്ങും.
നീണ്ട 52 ദിവസത്തെ ഇടവേളയ്ക്കുശേഷം മീൻപിടിത്തത്തിനിറങ്ങാനിരിക്കെ ഇത്തവണ കാലാവസ്ഥ അനുകൂല മാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല. കഴിഞ്ഞ സീസണില്‍ വരുമാനം ഏറ്റവും കുറവായിരുന്നു. ഇന്ധന വിലവർധനയും ഫീസ് വർധനയും മത്സ്യമേഖലയെ അലട്ടുന്നുണ്ട്.
ജില്ലയില്‍ ചോമ്പാല, കൊയിലാണ്ടി, ബേപ്പൂർ, പുതിയാപ്പ എന്നീ ഹാർബറുകളിലായി ചെറുതും വലുതുമായ 1250 ഓളം ബോട്ടുകളാണു റജിസ്റ്റ്ർ ചെയ്തവയുള്ളത്. ഇവയില്‍ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. കൊയിലാണ്ടിയും ചോമ്ബാലും പ്രധാനമായും ചെറു ബോട്ടുകളാണുള്ളത്.