സങ്കടക്കടലായി കുറുവങ്ങാട്‌; കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മരണപ്പെട്ടവര്‍ക്ക്‌ നാടിന്‍റെ അന്ത്യാഞ്ജലി, പൊതുദർശനം തുടരുന്നു


കൊയിലാണ്ടി: സങ്കടക്കടലായി കുറുവങ്ങാടേയ്ക്ക് ഒഴുകിയെത്തി നിരവധി ജനങ്ങള്‍. മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം പൊതുദര്‍ശനത്തിനായി കുറുവങ്ങാട് മാവിന്‍ചുവടിലെത്തിച്ചു. മാവിന്‍ചുവടില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്തേയ്ക്ക് വന്‍ജനാവലിയാണ് എത്തിച്ചേരുന്നത്. നിരവധി പേരാണ് പൊതുദര്‍ശനത്തിനായി കാത്തുനിന്നത്.

കുറുവങ്ങാട് നടുത്തളത്തില്‍ താഴെ അമ്മുകുട്ടി (70), ഊരള്ളൂര്‍ കാര്യത്ത് വടക്കയില്‍ രാജന്‍ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) എന്നിവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് പൊതുദര്‍ശനത്തിനായി ഒരു മണിയോടെ എത്തിച്ചത്.

അന്ത്യോപചാരം അര്‍പ്പിക്കാനായി കുറുവങ്ങാട് രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് എത്തിച്ചേര്‍ന്നത്. ഉത്സവത്തിന്റെ അവസാന ദിവസമായ ഇന്നലെ വയോധികരും കുട്ടികളും ഉള്‍പ്പെടെ നിരവധി ഭക്തജനങ്ങളായിരുന്നു ഈ വര്‍ഷത്തെ മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. പ്രിയപ്പെട്ടവരുമായി ഉത്സവം കൂടാനെത്തിയ ആളുകള്‍ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു.

 

വാര്‍ദ്ധക്യ അസുഖങ്ങളോട് മല്ലിട്ടുനില്‍ക്കുമ്പോഴും ഉത്സവത്തിനായി എത്തിയതായിരുന്നു വടക്കയില്‍ രാജന്‍. ആന ഇടഞ്ഞപ്പോള്‍ ഓടാന്‍ പോലും കഴിയാതെയാണ് മരണത്തിന് കീഴടങ്ങിയത്. അന്ത്യാജ്ജലി അര്‍പ്പിക്കാനായി എം.എല്‍.എ കാനത്തില്‍ ജമീല നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, ബി.ജെ.പി സംസ്ഥാനകമ്മിറ്റി സെക്രട്ടറി കെ. സുരേന്ദ്രന്‍, ഡി.സി.സി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട്. എല്‍.ജി പ്രജീഷ്, മുന്‍.എം.എ എ കെ ദാസന്‍, സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി,കെ ചന്ദ്രന്‍മാഷ്, മുന്‍.എം.എ പി .വിശ്വന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് പി. വസീഫ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.കെ ഷൈജു എന്നിവര്‍ സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Description: tributes to those killed by elephants at Koyilandy Manakulangara temple