ഗുരുവന്ദനം പരിപാടിയുമായി എൻ.ടി.യു; ആയുർവേദ – ഔഷധ സസ്യ പരിപാലന രംഗത്ത്‌ ശ്രദ്ധേയനായ അഴിയൂരിലെ പി.കെ പ്രകാശന്‌ ആദരം


ചോമ്പാല: ഗുരുപൂർണ്ണിമയോടനുബന്ധിച്ച് എൻ.ടി.യു ചോമ്പാല ഉപജില്ല സമിതി ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. ആയുർവേദ രംഗത്തും ഔഷധ സസ്യ പരിപാലനത്തിനും ഏറെ ശ്രദ്ധേയനായ അഴിയൂർ സ്വദേശി പി.കെ പ്രകാശനെ പരിപാടിയുടെ ഭാഗമായി ആദരിച്ചു.

കെട്ടിട നിർമ്മാണത്തോടൊപ്പം ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവ് സമൂഹത്തിന് പകർന്നു നൽകി വരുന്ന അദ്ദേഹം ആയുർവേദത്തിൻ്റെ മഹത്വവും ഔഷധ സസ്യങ്ങളുടെ ഗുണവും മനസ്സിലാക്കുന്നതിന് വേണ്ടി മീത്തലെ കണ്ണൂക്കരയിൽ ഔഷധ പഠന ബാലസഭക്ക് രൂപം നൽകിയിട്ടുണ്ട്‌. ആയുർവേദം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഇപ്പോൾ വിദ്യാലയങ്ങളിൽ ആയുർവേദ ക്ലാസ് നൽകി വരുന്നുണ്ട്. നിലവിൽ കർഷക മോർച്ചയുടെ ഒഞ്ചിയം മണ്ഡലം പ്രസിഡന്റ്‌ കൂടിയാണ് പി.കെ പ്രകാശൻ.

ഗുരുവന്ദനം പരിപാടിയിൽ ചോമ്പാല ഉപജില്ല പ്രസിഡണ്ട് പി.കെ സുബിൻ മാസ്റ്റർ പ്രകാശനെ പൊന്നാടയണിച്ച് ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ വിനൽ മാസ്റ്റർ ഉപഹാരം നൽകി. യുവമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്റ്‌ അരുൺ ആവിക്കര പങ്കെടുത്തു.