കവിതാപ്രസംഗത്തിലൂടെ വേദികളെ വിസ്മയിപ്പിച്ച കലാ-സാംസ്കാരിക പ്രവർത്തകൻ; ടി.കെ.ജി മണിയൂര്‍ വിടവാങ്ങുമ്പോള്‍
മണിയൂര്‍: കവിതാ പ്രസംഗത്തിലൂടെ മണിയൂര്‍ എന്ന നാടിനെ കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമാക്കിയ കലാ- സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.കെ.ജി മണിയൂരിന് നാടിന്റെ ആദരാഞ്ജലി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു. ഉത്തര മലബാറിലുടനീളം കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ടി.കെ.ജിയെന്ന ടി.കെ ഗോപാലന്‍.
രാഷ്ടീയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമ്പോഴും മണിയൂരിലെ നാടകപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കവിതാ പ്രസംഗത്തിന് പുറമെ നാടക നടനായും ഗാനരചയിതാവായും അദ്ദേഹം വേദികളില്‍ നിറഞ്ഞു. ഒരു കാലത്ത് അദ്ദേഹത്തിന്റെ കവിതാപ്രസംഗം കേള്‍ക്കാന്‍ അന്യനാട്ടില്‍ നിന്നും പോലും ആളുകള്‍ എത്തുമായിരുന്നു.

എണ്‍പതുകളില്‍ നായനാർ സർക്കാർ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ അനുവദിച്ചപ്പോൾ മണിയൂർ തെരുവിലെ ബാലസംഘം പ്രവർത്തകർക്ക് വേണ്ടി പെൻഷൻ ഹരജി എന്ന നാടകം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. പില്‍ക്കാലത്ത് ടി.കെ.ജി കവിതാ പ്രസംഗം നടത്തുന്ന പാർട്ടി വേദികളിൽ ബാലസംഘം പ്രവർത്തകരുടെ പെൻഷൻ ഹരജി എന്ന നാടകവും അവതരിപ്പിക്കാറുണ്ടായിരുന്നു.
Description: Tribute to Art and Culture Worker TKG Maniyur