ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി; കൂരാച്ചുണ്ടിലെ ആദിവാസി യുവതി കാലങ്ങളായി കഴിയുന്നത് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍



കൂരാച്ചുണ്ട്:
ഭവനരഹിതര്‍ക്കായി സര്‍ക്കാറിന്റെ ലൈഫ് പോലുള്ള പദ്ധതികള്‍ നിലനില്‍ക്കുമ്പോഴും കൂരാച്ചുണ്ട് പഞ്ചായത്തില്‍ ആദിവാസി യുവതി വര്‍ഷങ്ങളായി കഴിയുന്നത് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡില്‍. മൂന്നാം വാര്‍ഡിലെ മുണ്ടനോലിവയലില്‍ എ.കെ.സരോജിനി (41) ആണു കിടപ്പാടത്തിനു അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്.

ഓട്ടപ്പാലത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന ഇവര്‍ ആറ് വര്‍ഷങ്ങളായി താമസിക്കുന്നത്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയതാണ് ഷെഡ്. ആദ്യം നിര്‍മിച്ച ഷെഡ് മൂന്നു മാസം മുന്‍പ് കാറ്റില്‍ മരം വീണു തകരുകയും ചെയ്തു. തുടര്‍ന്ന് മറ്റാെരു താല്‍ക്കാലിക ഷെഡ് ഉണ്ടാക്കിയാണു ഇപ്പോള്‍ താമസിക്കുന്നത്.

വീട് നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സരോജിനി നാളെ മുതല്‍ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്ത സരോജിനിയെ ഭവനരഹിത ലിസ്റ്റില്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. ലൈഫ് പദ്ധതിയില്‍ മുന്‍പ് ഉണ്ടായിരുന്ന റേഷന്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്.

സരോജിനിക്കു സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ ഭൂരഹിത, ഭവനരഹിത ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് 2022 ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന ഗ്രാമസഭ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സരോജിനി വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുകയും ചെയ്തിരുന്നു.

റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയിരുന്ന സരോജിനിക്ക് സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡും അനുവദിച്ചു. എന്നാല്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയപ്പോള്‍ ഉള്ള റേഷന്‍ കാര്‍ഡും സ്വന്തമായി ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തില്‍ സൂചിപ്പിച്ച റേഷന്‍ കാര്‍ഡും വ്യത്യസ്തമായതിനാല്‍ ഭൂരഹിത, ഭവനരഹിത പട്ടികയിലേക്കു മാറ്റാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ സെപ്റ്റംബര്‍ 22ന് സരോജിനിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

സരോജിനിക്ക് കിടപ്പാടം അനുവദിക്കണമെന്ന ഗ്രാമസഭ യോഗ തീരുമാനം മാസങ്ങളായിട്ടും പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് അറിയിച്ചില്ലെന്നാണു ആക്ഷേപം.

സരോജിനിയുടെ ഭവന നിര്‍മാണത്തിന് വേണ്ടി എല്ലാ ശ്രമവും നടത്തി വരുകയാണെന്ന് പഞ്ചായത്ത് മെംബര്‍ വിന്‍സി തോമസ് അറിയിച്ചു. ഭൂരഹിത, ഭവനരഹിത വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഗ്രാമസഭ യോഗ തീരുമാനം പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്തു തുടര്‍ നടപടിക്ക് സര്‍ക്കാരിലേക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.