വീടിന് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടം: പേരാമ്പ്ര സ്വദേശിയായ വീട്ടുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്


പേരാമ്പ്ര: കനത്ത കാറ്റിനെ തുടര്‍ന്ന് വീടിന് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടം. പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മീറങ്ങട്ട് ജയപ്രകാശന്റെ വീടിന് മുകളിലാണ് മരങ്ങള്‍ വന്ന് പതിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2മണിയോട് കൂടിയാണ് സംഭവം.

ജയപ്രകാശും ഭാര്യയും വീട്ടിലുണ്ടായിരുന്ന സമയത്താണ് മരങ്ങള്‍ വീടിന് മുകളിലേക്ക് വീണത്. വലിയ പൂമരം, പന, തെങ്ങ്, കവുങ്ങ് തുടങ്ങിയ മരങ്ങളാണ് വീടിന് മുകളില്‍ വന്ന് വീണത്.
വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. ഏകദേശം അഞ്ചുലക്ഷത്തിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

വില്ലേജ് അധികാരികളും വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്തും സ്ഥലം സന്ദര്‍ശിച്ചു.