ശക്തമായ മഴയും കാറ്റും: തൊട്ടിൽപ്പാലം തളീക്കരയില്‍ മരം വീണ് ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണു, ഗതാഗതം തടസ്സപ്പെട്ടു


കുറ്റ്യാടി: കനത്ത മഴയില്‍ തൊട്ടിൽപ്പാലം തളീക്കരയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 3.35ഓടെയാണ് സംഭവം.

ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വൈദ്യുതി ലൈനിലേക്ക് വീഴുകയും ലൈന്‍ അതുവഴി പോവുകയായിരുന്ന ബസിന് മുകളിലേക്ക്‌ വീഴുകയും ചെയ്തു. ഇതോടെ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നും ഫയര്‍ഫോഴ്‌സും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണസേന പ്രവര്‍ത്തകരും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

വൈകുന്നേരം പെയ്ത മഴയില്‍ കുറ്റ്യാടിയിലെ മലയോര മേഖലയില്‍ നിരവധി നാശനഷ്ടമുണ്ടായതായി വിവരമുണ്ട്. പലയിടങ്ങളിലും മരം കടപുഴകി വീണതായാണ് ലഭിക്കുന്ന വിവരങ്ങള്‍.