ശക്തമായ കാറ്റിലും മഴയിലും ആവളയില്‍ വീടിനു മുകളില്‍ തെങ്ങ് വീണു; മുകളില്‍ നിലയില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി


ചെറുവണ്ണൂര്‍: ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആവളയില്‍ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. മഠത്തില്‍ മുക്ക് മഞ്ചേരിക്കുഴിച്ചാലില്‍ നാരായണന്റെ വീടിന്റെ മുകള്‍ നിലയിലേക്ക് വീണ തെങ്ങ് ഉരുണ്ട് താഴേക്ക് വീഴുകയും വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വീടിന്റെ മുകള്‍ ഭാഗത്തെ ഓടുകള്‍ തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് മുകളിലെ നിലയില്‍ ആരുമുണ്ടായിരുന്നില്ല. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

അതിശക്തമായ കാറ്റാണ് ഇന്ന് രാവിലെ പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. ചെറുവണ്ണൂര്‍ പഞ്ചായത്തിനു പുറമേ തൊട്ടടുത്ത മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു.

ഇന്നലെ രാവിലെയും പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ ശക്തമായ കാറ്റ് വീശിയിരുന്നു.

Summary: tree fell up on home in avala