കണ്ണൂരില്‍ വീണ്ടും നിധി ? ഇത്തവണ കിട്ടിയ നാണയങ്ങളില്‍ അറബി അക്ഷരങ്ങള്‍


കണ്ണൂര്‍: ചെങ്ങളായിയില്‍ ഇന്നലെ നിധി കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും നാണയങ്ങളും മുത്തുകളും കണ്ടെത്തി. ഇന്നലെ എടുത്ത മഴക്കുഴിക്ക് സമീപത്തായി വീണ്ടും കുഴിയെടുത്തപ്പോഴാണ് നാണയങ്ങളും മുത്തുകളും ലഭിച്ചത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളുമാണ് ലഭിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെയാണ് ഇതും കണ്ടെത്തിയത്. കിട്ടിയ നാണയങ്ങളില്‍ അറബിയില്‍ ഒരുപാട് എഴുത്തുകളുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പരിപ്പായി ഗവ. എല്‍.പി സ്‌കൂളിനടുത്തെ സ്വകാര്യ ഭൂമിയില്‍ ഇന്നലെ മഴക്കുഴി എടുത്തുകൊണ്ടിരിക്കെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി ലഭിച്ചത്.

ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. കുഴി കുഴിക്കുന്നതിനിടെ എന്തോ ഒരു പാത്രം ശ്രദ്ധയില്‍പ്പെട്ടു. അടുത്തിടെ ജില്ലയില്‍ നിന്നും സ്റ്റീല്‍ബോംബ് പൊട്ടിത്തെറിച്ച സംഭവവും മറ്റും മനസിലുണ്ടായിരുന്നതിനാല്‍ ആദ്യം കരുതിയത് ബോംബാണെന്നാണ്. പേടികൊണ്ട് പാത്രം ഉടന്‍ തന്നെ വലിച്ചെറിഞ്ഞു. ഏറില്‍ പാത്രം പൊട്ടിയപ്പോഴാണ് ഉള്ളിലുള്ളത് വിലപിടിപ്പുള്ള വസ്തുക്കളാണെന്ന് മനസിലായത്.

17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍ എന്നിവയാണ് പാത്രത്തിലുണ്ടായിരുന്നത്. ഇന്നലെ തന്നെ ഇവ പോലീസ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ പുരാവസ്തുവകുപ്പ് പരിശോധിക്കും.