‘ഡ്രെെവിം​ഗിനൊപ്പം അഭ്യാസവുമറിയണം ഇതുവഴി യാത്ര ചെയ്യാൻ’; പൊട്ടിപ്പൊളിഞ്ഞ പൈതോത്ത്- താന്നിക്കണ്ടി- ചക്കിട്ടപ്പാറ റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരം, പരിഹാരം വേണമെന്ന് യാത്രക്കാർ


പേരാമ്പ്ര: ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ ഡ്രെെവിം​ഗ് മാത്രമല്ല, അൽപ്പം സാഹസവും അറിഞ്ഞിരിക്കണം. പറയുന്നത് പൈതോത്ത്- താന്നിക്കണ്ടി- ചക്കിട്ടപ്പാറ റോഡിനെ കുറിച്ചാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടതാണ് ഇതുവഴിയുള്ള യാത്ര ദുസ്സഹമാക്കുന്നത്. മഴപെയ്യുപ്പോൾ റോഡിൽ വെള്ളം നിറഞ്ഞാൽ റോഡും കുഴിയും മനസിലാക്കാൻ സാധിക്കാതെ ഏറെ പ്രയാസപ്പെട്ടാണ് ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത്.

രണ്ടു കിലോമീറ്ററോളം റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ യാത്ര ദുഷ്ക്കരമാണ്. സ്കൂട്ടിയിലാണ് ജോലിക്ക് പോകാറുള്ളത്. എന്നാൽ റോഡിലെ കുഴികളെ വെട്ടിച്ച് യാത്ര ചെയ്യുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് പള്ളിയാർക്കണ്ടി സ്വദേശി രവി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രാത്രിയിൽ എല്ലായിടത്തും സ്ട്രീറ്റ് ലെെറ്റില്ല. വാഹനത്തിന്റെ വെളിച്ചത്തിൽ കുഴി കണ്ട് പിടിച്ചാണ് യാത്ര ചെയ്യുന്നത്. മഴ പെയ്യുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര ടൗൺ മുതൽ പള്ളിത്താഴ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരമാണ് റോഡ് പാടെ തകർന്നു കുഴിയായി കിടക്കുന്നത്. അതിനുശേഷമുള്ള ഭാഗത്തെ വിളയാട്ടുകണ്ടിമുക്കിനു സമീപം സർക്കാർ ആശുപത്രിക്കടുത്തു വരെ ടാറിങ് നടന്നിട്ടുണ്ട്. തുടർന്നുള്ള വളയങ്കണ്ടം വരെയുള്ള ഭാഗം മെറ്റലിട്ടതെയുള്ളൂ. കാരാറുകാരൻ കാണിച്ച അലംഭാവമാണ് റോഡ് പണി നീളുന്നതിലേക്ക് നയിച്ചത്. ഇയാളെ മാറ്റി പുതിയാൾക്ക് കരാർ നൽകിയിട്ടുണ്ട്.

ബസ് സർവീസ് വിരളമായ മേഖലയിൽ ഓട്ടോറക്ഷയെയും, ജീപ്പിനെയുമാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. റോഡിന്റ അവസ്ഥ യാത്രക്കാർക്കൊപ്പം ഡ്രെെവ്ര‍മാരെയും ബാധിക്കുന്നുണ്ട്. റോഡിന്റെ നവീകരണ പ്രവ‍ത്തി എത്രയും പെട്ടന്ന് പൂർത്തീകരിച്ച് യാത്ര സു​ഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Summary: Traveling on the cracked Pythoth-Thannikandi-Chakkittapara road is difficult, passengers want a solution