പുല്‍ച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും, ഒപ്പം ട്രെക്കിങ്ങും; കേരളത്തിന്റെ ഊട്ടിയിലേക്ക് ഒരു യാത്ര പോയാലോ


അവധിക്കാല യാത്രയ്ക്കായി സ്ഥലം തിരയുകയാണോ? പച്ചപ്പും കോടമഞ്ഞും ട്രെക്കിങ്ങുമൊക്കെയായി അടിപൊളി സ്‌പോട്ട് തന്നെയായാലോ?വടക്കിന്റെ വാഗമണ്‍ എന്നു പറയാവുന്ന അതിസുന്ദരമായ റാണിപുരം മികച്ച ചോയ്‌സായിരിക്കും. കുടുംബവുമൊത്ത് ഇത്തവണത്തെ യാത്ര അവിടേയ്ക്കാകാം.

കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. ആന, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ് കര്‍ണാടകത്തിലെ കൂര്‍ഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്.

അനുമതി വാങ്ങി പുല്‍മേടുകളിലേക്കു നടന്നു തുടങ്ങാം. പകല്‍പോലും ഇരുട്ടുള്ള, ജീവജാലങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട ചോലക്കാട്ടിലൂടെ നടന്നുവേണം പുല്‍മേടുകളിലേക്കെത്താന്‍. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ് പാതയുണ്ട്. സഹ്യപര്‍വതത്തിന്റെ മുകളറ്റം തൊടാന്‍ കിട്ടുന്ന അപൂര്‍വ അവസരമാണു റാണിപുരം നല്‍കുന്നത്.

ഊട്ടിയുടെ മനോഹാരിതയോടും അന്തരീക്ഷത്തോടും സാമ്യമുള്ള റാണിപുരത്തെ ‘കേരളത്തിന്റെ ഊട്ടി’ എന്നും വിളിക്കുന്നു. മാടത്തുമല എന്ന പേരിലാണ് ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത്. നിത്യഹരിത ചോലവനങ്ങളും കാട്ടുപൂക്കളും മേടുകളും വിശാലമായ പുല്‍മേടുകളും ആകര്‍ഷിക്കുന്ന ട്രെക്കിങ് പ്രേമികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പറുദീസയാണിവിടം.

കാസര്‍കോട് നിന്ന് 65 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. അതിരാവിലെ കാസര്‍കോട് നിന്നോ കാഞ്ഞങ്ങാട്ടുനിന്നോ തിരിച്ചാല്‍ രണ്ടുമണിക്കൂര്‍ കൊണ്ട് റാണിപുരത്തെത്താം. വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടേജുകള്‍ ഒരുക്കിയിട്ടുണ്ട്.

കാഴ്ചകള്‍ ആസ്വദിച്ച് ട്രെക്കിങ്ങിന് പോകാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് റാണിപുരം. തലക്കാവേരിയി സന്ദര്‍ശിക്കാം: കാവേരി നദിയുടെ ആരംഭസ്ഥാനമായ കുന്നിന് താഴെയാണ് തലക്കാവേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള പ്രശസ്തമായ ക്ഷേത്രം സന്ദര്‍ശിക്കാം. ബേക്കല്‍ ഫോര്‍ട്ട്: കാസര്‍േഗാഡ് എത്തിയാല്‍ ബേക്കല്‍ കോട്ട കാണാതെ മടങ്ങരുത്. ബേക്കല്‍ ഫോര്‍ട്ടില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ റാണിപുരത്ത് എത്താം.