നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞ് നിറയുന്ന പടപ്പാറ; വെള്ളച്ചാട്ടത്തോടൊപ്പം ഹൃദയം കവര്‍ന്ന് പത്തനംതിട്ടയിലെ ബാലമുരുകക്ഷേത്രവും രാക്ഷസന്‍പാറയും


ഴയും മഞ്ഞും ആസ്വദിക്കുന്നതിന് ഇടുക്കിയിലേക്കോ കൊടൈക്കനാലിലേക്കോ പോകേണ്ട കാര്യമില്ല. പത്തനംതിട്ട ജില്ലയിലെ കുളത്തുമണ്‍ പടപ്പാറയിലേക്ക് വന്നാല്‍ മഴയും ഒപ്പം കോടമഞ്ഞിന്റെ സൗന്ദര്യവും ആസ്വദിക്കുന്നതിന് സാധിക്കും. കേരളത്തിന്റെ തെക്കന്‍ ജില്ലയിലെ തിരുമലക്കോവില്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് കുളത്തുമണ്‍ പടപ്പാറ.

വലിയ പാറയുടെ മുകളിലായി സ്ഥിതിചെയ്യുന്ന പടപ്പാറ ബാലമുരുകക്ഷേത്രവും അതിനുചുറ്റും നട്ടുച്ച സമയത്തുപോലും കോടമഞ്ഞ് നിറയുന്ന സ്ഥിതിയാണ്. മനോഹരമായി ചുറ്റിനും വലയംചെയ്ത് നില്‍ക്കുന്ന മലമടക്കുകളിലൂടെ മഞ്ഞ് ഒഴുകിമാറുന്ന സുന്ദര കാഴ്ചകള്‍ കാണുന്നതിനായി ഇപ്പോള്‍ ധാരാളം ആളുകളാണെത്തുന്നത്.

മഴ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ഇത്തരം യാത്രകള്‍ നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന കാഴ്ചകള്‍ കണ്ടാണെങ്കില്‍ അത് ജീവിതത്തില്‍ മാറക്കാനാകാത്ത അവസ്ഥയുമാകും. അത്തരം ഒരു യാത്രയ്ക്കായി ഒരുദിനം മാറ്റിവെയ്ക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രദേശങ്ങളാണ് കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തിലെ രാക്ഷസന്‍പാറയും പടപ്പാറയും ഇരപ്പന്‍ചാലും ചെളിക്കുഴി വെള്ളച്ചാട്ടവും.

രാവിലെ യാത്രതുടങ്ങുന്നവര്‍ പത്തനംതിട്ടപുനലൂര്‍ റൂട്ടില്‍ കൂടല്‍ ഇഞ്ചപ്പാറയിലെത്തി അവിടെനിന്ന് അരക്കിലോമീറ്റര്‍ ദൂരത്തിലുള്ള രാക്ഷസന്‍പാറയില്‍ എത്താന്‍ സാധിക്കും. മനോഹരമായ കാഴ്ചകളുടെ വസന്തമായ രാക്ഷസന്‍പാറയും സമീപത്തുള്ള തട്ടുപാറയും കുറവന്‍കുറത്തിപ്പാറയും എല്ലാം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിധ്യ സര്‍ക്യൂട്ടിലും ഇടം പിടിച്ചിട്ടുണ്ട്. രാക്ഷസന്‍പാറയിലെ രാക്ഷസന്റെ മൂക്കും സമീപ കാഴ്ചകളും കണ്ടിറങ്ങി അവിടെനിന്ന് കൂടല്‍മാങ്കോട് റോഡിലെ ഇരപ്പന്‍ചാലിലെ വെള്ളച്ചാട്ടവും കാണാം.

അവിടെനിന്ന് അതിരുങ്കല്‍വഴി കുളത്തുമണ്‍കല്ലേലി റോഡിലേക്ക് രണ്ട് കിലോമീറ്റര്‍ യാത്രചെയ്താല്‍ തമിഴ്‌നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തെപ്പോലെ മനോഹരമായ ചെളിക്കുഴി വെള്ളച്ചാട്ടത്തിലെത്താം. വെള്ളച്ചാട്ടം മനോഹരമാണെങ്കിലും അതിനെ സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെതിരേ സഞ്ചാരികളുടെ വലിയ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.

ഇവിടെ മഴയും വെള്ളച്ചാട്ടത്തിന്റെ കുളിര്‍മയും ആസ്വദിച്ചശേഷം തെക്കന്‍ തിരുമലക്കോവിലായ കുളത്തുമണ്‍ പടപ്പാറയിലേക്ക് യാത്രപോകാം. കുളത്തുമണ്‍ എസ്.എന്‍.ഡി.പി. ജങ്ഷനില്‍നിന്ന് പടപ്പാറയിലേക്ക് വാഹനത്തില്‍ പാറയുടെ മുകളിലെത്താന്‍ സൗകര്യമുണ്ട്. വൈകുന്നേരമാണെങ്കില്‍ ബാലമുരുകക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ സൂര്യാസ്തമയം കാണുന്നതിനും ഏറെ സൗകര്യം ഇവിടെയുണ്ട്. പകല്‍സമയംപോലും മഞ്ഞ് മൂടിക്കിടക്കുന്ന പടപ്പാറ ഇപ്പോള്‍ സഞ്ചാരികളുടെ ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണ്.