കെ-സ്‌മാർട്ടിലേക്ക് മാറ്റം: ഏപ്രിൽ ആദ്യവാരം പഞ്ചായത്തുകളിലെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ മുടങ്ങും. പഞ്ചായത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പോർട്ടലായ ഐഎൽജിഎംഎസിൽ നിന്നും കെ-സ്മാർട്ടിലേക്ക് സേവനങ്ങൾ സമ്പൂർണമായി മാറ്റുന്നതിന് മുന്നോടിയായാണ് പ്രവർത്തനം പത്തു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്.
നിലവിൽ പഞ്ചായത്തുകളിലുള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്), കെട്ടിടനിർമാണാനുമതിക്കുള്ള ‘സങ്കേതം’, ശമ്പളത്തിനും അലവൻസിനുമുള്ള ‘സ്ഥാപന’ തുടങ്ങിയ സോഫ്‌റ്റ്‌വേറുകൾക്കൊക്കെ പകരമായി കെ-സ്മാർട്ട് വരും. ഈ സോഫ്‌റ്റ്‌വേറുകൾ വഴിയുള്ള എല്ലാ ഫയലുകളും മാർച്ച് 31നുള്ളിൽ തീർപ്പാക്കും. ഇൻഫർമേഷൻ കേരള മിഷനാണ് (ഐകെഎം) കെ-സ്‌മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) വികസിപ്പിച്ചത്.

പുതിയ പോർട്ടലിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ ജനന, മരണ സർട്ടിഫിക്കറ്റുകൾ വിവാഹ സർട്ടിഫിക്കറ്റുകൾ കടകളുടെ ലൈസൻസുകൾ തുടങ്ങിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുകയില്ല. പകരം ഇത്തരം അപേക്ഷകൾ ഏപ്രിൽ 11 മുതൽ കെ.സ്മാർട്ടിൽ സമർപ്പിക്കാവുന്നതാണ്.
താത്കാലികക്കാർ, ഡെപ്യൂട്ടേഷനിലുള്ളവർ എന്നിവരുടെയും സ്ഥിരംജീവനക്കാരുടെയുമൊക്കെ വിവരങ്ങൾ ജിസ്പാർക്കിൽ ചേർക്കും. എല്ലാവരും ആധാർ അപ്‌ഡേറ്റുചെയ്ത് മൊബൈൽ നമ്പർ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ബ്ലോക്ക് പഞ്ചായത്തുകൾ ഇ-ഓഫീസിലെ ഫയലുകൾ മാർച്ച് 31-നുള്ളിൽ തീർപ്പാക്കണം.
കെ-സ്മാർട്ടിൽ അപേക്ഷകളും പരാതികളും റിപ്പോർട്ടുകളും സ്വന്തം ലോഗിൻമുഖേന സമർപ്പിക്കണം. സാങ്കേതികവിദ്യയിൽ പരിജ്ഞാനം കുറഞ്ഞവരെ സഹായിക്കാൻ പൗരസഹായകേന്ദ്രമായി ഫ്രണ്ട് ഓഫീസ് തുടരും. സാക്ഷരതാ പ്രേരകുമാരുടെ സേവനവും ഇവിടെയുണ്ടാവും. തദ്ദേശസ്ഥാപനങ്ങൾക്ക് കുടുംബശ്രീ സഹായകകേന്ദ്രങ്ങളും തുറക്കാം.
Description: online services in panchayats will be disrupted in the first week of April