മൊബൈല്‍ ഫോണ്‍, നോട്ട് ബുക്ക്, യൂട്യൂബ് ചാനല്‍… പ്രതിയുടേതെന്ന കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ നിര്‍ണായകമായി; എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയെ കുടുക്കിയത് പഴുതടച്ച അന്വേഷണം


കൊയിലാണ്ടി: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയെ കുടുക്കിയത് പഴുതടച്ച രീതിയിലുള്ള അന്വേഷണം. പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്നും കണ്ടെത്തിയ നോട്ടുബുക്കിലെയും പാഡിലെയും വിവരങ്ങളാണ് പ്രതി ഉത്തരേന്ത്യക്കാരനാണെന്ന സംശയമുയരാന്‍ കാരണം.ബാഗിലെ നോട്ട് ബാഡില്‍ ഷഹറൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദീന്‍ കാര്‍പ്പെന്റര്‍, ഹാരിം കാര്‍പ്പന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു. നോയിഡ എന്നാണ് സ്ഥലപ്പേരുണ്ടായിരുന്നത്.

ഇതേ ബാഗില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ബാഗില്‍ നിന്ന് കിട്ടിയ യൂട്യൂബ് ചാനലിന്റെ പേര് പ്രതിയിലേക്കെത്തുന്നതിന് പൊലീസിന് തുണയായി.

ഷഹറൂഖ് സെയ്ഫി എന്ന പേരിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ബുലന്ദ്ശഹര്‍ സ്വദേശിയായ ഷഹറൂഖ് സെയ്ഫി എന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇയാള്‍ കേരളത്തില്‍ വന്നിട്ടേയില്ലയെന്ന് മനസിലാകുകയും ഇയാളല്ല പ്രതിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കുകയും ചെയ്തു. ഷഹീന്‍ബാഗില്‍ നിന്നും കുറച്ചുദിവസമായി കാണാതായ ഷഹറൂഖ് സെയ്ഫി എന്നയാളെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. ഇയാള്‍ തന്നെയാണ് പ്രതിയെന്ന സംശയവുമുണ്ട്.എ.ഡി.ജി.പി എം.ആര്‍.അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘാംഗങ്ങള്‍ക്ക് വിവിധ ദൗത്യങ്ങള്‍ വിഭജിച്ചു നല്‍കുകയായിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്റലിജന്‍സ് ബ്യൂറോ റെയില്‍വേ പൊലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, ക്രൈംബ്രാഞ്ച് എന്നിവയുടെ സംയുക്തയോഗം കോഴിക്കോട് പൊലീസ് ക്ലബ്ബില്‍ ചേര്‍ന്നു. ഐ.ജി. പി.വിജയന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജന്‍സിയും വിവരങ്ങള്‍ ശേഖരിച്ചു.

മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ആശുപത്രിയില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി മഹാരാഷ്ട്ര എ.ടി.എസ് സ്ഥലത്തെത്തുകയായിരുന്നു. ഇയാളുടെ മുഖത്ത് പൊള്ളലേറ്റ പാടുണ്ട്. ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലയ്‌ക്കേറ്റ പരുക്കിനെ തുടര്‍ന്നാമ് ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്ര എ.ടി.എസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രത്‌നഗിരിയില്‍ നിന്നും അജ്മീറിലേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഇയാള്‍ മൊഴി നല്‍കി.