പേരാമ്പ്രയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണം, നാളെ മുതൽ വിക്ടറി ടൈൽസ് തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ, വീഡിയോ കാണാം
പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പരിപൂര്‍ണം. കടകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല.
ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പേരാമ്പ്ര ടൗണില്‍ നിന്നും വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസിനു മുന്നിലേക്ക് നടത്തിയ പ്രകടനം സ്ഥാപനത്തിന് മുന്നില്‍ അണിചേര്‍ന്നു. തുടര്‍ന്ന് സ്ഥാപനത്തിനു മുന്നില്‍ നടന്ന യോഗത്തില്‍ ഓള്‍കേരള ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുമായ നിരവധിപേര്‍ പങ്കെടുത്തു.
ഓള്‍കേരള ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പുനവര്‍സാദത്ത് സെക്രട്ടറി ആഫിസ്, വ്യാപാരവ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട്, വ്യാപാരവ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും പേരാമ്പ്ര മണ്ഡലം പ്രസിഡന്റുമായ സുരേഷ് കൈലാസ്, ഷരീഫ് ചീക്കിലോട്, സലാം ബാദുഷ തുടങ്ങിയവര്‍ സംസാരിച്ചു.
നാളെ മുതല്‍ വിക്ടറി എന്ന സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കും അതിനു വേണ്ട സൗകര്യങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം അല്ലാത്ത പക്ഷം ഏകോപന സമിതിയുടെ ശക്തമായ കരങ്ങള്‍ ഇവിടെ ഉണ്ടാവും. വിക്ടറിയെന്ന സ്ഥാപനം സംരക്ഷിക്കാനും തുറന്ന് പ്രവര്‍ത്തിക്കാനും ഏകോപന സമിതിയ്ക്ക് കഴിയുമെന്നും യോഗത്തില്‍ സംസാരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് പറഞ്ഞു. വ്യവസായികളെ സംരക്ഷിക്കാന്‍ വ്യാപാരി വ്യവസായഏകോപന സമിതി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചത്.
Also Read: ഒരു കട പോലും തുറന്നില്ല; പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് സംസാരിക്കുന്നതിന്റെ വീഡിയോ കാണാം