”വേണ്ടാത്ത ഡാറ്റയ്ക്കെന്തിന് പണം നല്‍കണം?” മൊബൈല്‍ റീചാർജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം തേടി ട്രായ്; മൊബൈല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യത


വോയിസ് കോളുകള്‍, എസ്.എം.എസ് എന്നിവയ്ക്കായി വെവ്വേറെ റീചാര്‍ജ് പാക്കുകള്‍ അവതരിപ്പിക്കുന്ന എന്ന രീതിയില്‍ റീചാര്‍ജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിലെ റീചാര്‍ജ് പ്ലാന്‍ പ്രകാരം മൊബൈല്‍ ഉപഭോക്താക്കള്‍ അവര്‍ ഉപയോഗിക്കാത്ത ഡാറ്റ പോലുള്ള സേവനങ്ങള്‍ക്കായി പണം നല്‍കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് പുറത്തിറക്കിയിരിക്കുകയാണ്.

നിലവില്‍ വിപണിയിലുള്ള താരിഫ് പ്ലാനുകള്‍ വോയിസ്, ഡാറ്റ, എസ്എംഎസ്, ഒടിടി സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. എല്ലാ സേവനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമില്ല. നിലവില്‍ 300 മില്യണ്‍ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. ഇവര്‍ക്ക് ഡാറ്റ ആവശ്യമില്ല. കോളുകള്‍ എസ്.എം.എസ് എന്നീ ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്. ബണ്ടില്‍ഡ് ഓഫറുകള്‍ വരിക്കാര്‍ക്ക് പ്ലാന്‍ തിരഞ്ഞെടുക്കുന്നതിന് ഒരു പരിമിതിയാണെന്നും ട്രായ് വ്യക്തമാക്കി.

2012 ലെ ടെലികോം കണ്‍സ്യമൂര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്യുകയും നിലവിലുള്ളതിനൊപ്പം പ്രൊഡക്ട് സ്‌പെസിഫിക് താരിഫ് പ്ലാനുകള്‍ കൊണ്ടുവരണമോ എന്നുമാണ് ട്രായ് നിര്‍ദ്ദേശങ്ങള്‍ തേടുന്നത്. ഓഗസ്റ്റ് 16 വരെ നിര്‍ദ്ദേശം നല്‍കാം. എതിരഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഓഗസ്റ്റ് 23 വരെ അവസരം നല്‍കും.