ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്; പയ്യോളി മുതല്‍ നന്തിവരെയുള്ള റോഡില്‍ പല ഭാഗങ്ങളിലും ചെളിയും വെള്ളവും


കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വൈകും വരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്.

കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പൊയില്‍ക്കാവ്, പൂക്കാട്, തിരുവങ്ങൂര്‍, വെങ്ങളം ഭാഗത്തും കനത്ത മഴ ദേശീയപാതയില്‍ ചെളി കെട്ടിനില്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വെങ്ങളത്ത് റോഡരികിലുള്ള രാജസ്ഥാന്‍ സ്വദേശികളുടെ പ്രതിമ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് വെള്ളവും ചെളിയും നിറഞ്ഞ് പ്രതികള്‍ നശിച്ചനിലയിലാണ്.

ഇന്ന് പ്രവൃത്തിദിനമായതിനാല്‍ സമയം വൈകുന്തോറും ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത. ആശുപത്രികളിലേക്കും മറ്റും പോകുന്നവരും ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികളുമെല്ലാം ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. പൂക്കാട് ഭാഗത്തെ ചെറുറോഡുകളിലും വെള്ളം നില്‍ക്കുന്ന സ്ഥിതിയുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പോക്കറ്റ് റോഡുകളെ ആശ്രയിക്കുകയാണ്. ചിലയിടങ്ങളിലും പോക്കറ്റ് റോഡുകളിലും ഗതാഗതക്കുരുക്കിന് ഇത് കാരണമായിട്ടുണ്ട്.

Description: Traffic jam on the national highway since morning