തിരുനെല്ലിക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഗതാഗത നിയന്ത്രണങ്ങളുണ്ട്; അറിഞ്ഞ് യാത്ര ചെയ്യാം, ബുദ്ധിമുട്ടുകൾ ഒഴിവാക്കാം


പേരാമ്പ്ര: കര്‍ക്കടക വാവുബലിയുടെ ഭാഗമായി കാട്ടിക്കുളം, തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങളില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 27, 28 തീയതികളില്‍ കാട്ടിക്കുളംമുതല്‍ തിരുനെല്ലിവരെയും 28-ന് മുത്തങ്ങ ആര്‍.ടി.ഒ. ചെക്‌പോസ്റ്റുമുതല്‍ മൂലഹള്ളവരെയുമാണ് നിയന്ത്രണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു.

തിരുനെല്ലിയില്‍

27-ന് ഉച്ചയ്ക് രണ്ടുമുതല്‍ 28-ന് ഉച്ചയ്ക്ക് 12 മണിവരെ ബലിതര്‍പ്പണത്തിന് എത്തുന്ന സ്വകാര്യ, ടാക്സി വാഹനങ്ങള്‍ കാട്ടിക്കുളത്തുനിന്ന് തിരുനെല്ലിയിലേക്ക് പോകാന്‍ അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളിലും മറ്റും വരുന്നവര്‍ കാട്ടിക്കുളത്ത് ഇറങ്ങിയശേഷം തിരുനെല്ലിയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ താഴെ കാട്ടിക്കുളം ജങ്ഷന്‍, കാട്ടിക്കുളം ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് യാത്ര തുടരണം.

27, 28 തീയതികളില്‍ കാട്ടിക്കുളത്തുനിന്ന് തിരുനെല്ലി അമ്പലത്തിലേക്ക് 31 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തും.

കുട്ട, തോല്‍പ്പെട്ടി ഭാഗത്തുനിന്നു വരുന്നവര്‍ 28-ന് ആറുമുതല്‍ തെറ്റ് റോഡ് ജങ്ഷനില്‍ ആളെ ഇറക്കിയശേഷം വാഹനം തോല്‍പ്പെട്ടി റോഡില്‍ ഇടതുവശത്തായി പാര്‍ക്കുചെയ്യണം. യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര തുടരണം.

തൃശ്ശിലേരി അമ്പലത്തില്‍ ദര്‍ശനം നടത്തി തിരുനെല്ലിക്ക് പോകുന്നവര്‍ കാട്ടിക്കുളം വഴി കെ.എസ്.ആര്‍.ടി.സി. ബസില്‍ പോവണം.

27-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ 28-ന് ഉച്ചയ്ക്ക് 12 മണിവരെ കാട്ടിക്കുളം പനവല്ലി റോഡിലൂടെയും അരുണപ്പാറ റോഡിലൂടെയും തിരുനെല്ലിയിലേക്ക് സ്വകാര്യടാക്സി വാഹനങ്ങള്‍ അനുവദിക്കില്ല.
സ്വകാര്യവാഹനങ്ങള്‍ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ട്, ഗവ.എച്ച്.എസ്.എസ്. ഗ്രൗണ്ട്, മലങ്കരപ്പള്ളി പാര്‍ക്കിങ്ങ് ഗ്രൗണ്ട്, എന്നീ സ്ഥലങ്ങളില്‍ പാര്‍ക്കുചെയ്യണം. ഡ്രൈവര്‍മാര്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിശ്രമസൗകര്യം ഉണ്ടായിരിക്കും.

പൊന്‍കുഴിയില്‍

ബത്തേരി ഭാഗത്തുനിന്ന് ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോകുന്ന ചരക്കുലോറികളും ഹെവി വാഹനങ്ങളും 28-ന് രാവിലെ 11 മണിക്കുശേഷം മാത്രമേ മുത്തങ്ങ ആര്‍.ടി.ഒ. ചെക്‌പോസ്റ്റ് കടന്നുപോകാവൂ.

ഗുണ്ടല്‍പ്പേട്ട് ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുന്ന ചരക്കുലോറികളും ഹെവിവാഹനങ്ങളും 28-ന് രാവിലെ 11 മണിക്കുശേഷം മാത്രമേ കര്‍ണാടക മധൂര്‍ ചെക്‌പോസ്റ്റ് കടന്നുവരാവൂ. കര്‍ണാടക ചാമരാജ് ജില്ലാപോലീസുമായി ചര്‍ച്ച ചെയ്തതായി വയനാട് പോലീസ് പറഞ്ഞു.

ബലിതര്‍പ്പണത്തിനായെത്തുന്ന ഭക്തജനങ്ങള്‍ പൊന്‍കുഴിയില്‍ റോഡിന്റെ ഒരുവശത്തുമാത്രം വാഹനങ്ങള്‍ പാര്‍ക്കുചെയ്യണം. അമ്പലത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ഒരുവാഹനവും പാര്‍ക്കുചെയ്യാന്‍ അനുവദിക്കില്ല.

27, 28 തീയതികളില്‍ ബലിതര്‍പ്പണത്തിനായി പോവാന്‍ ബത്തേരിയില്‍നിന്ന് പൊന്‍കുഴി അമ്പലത്തിലേക്ക് 11 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തും.

Summary: Traffic control in Thirunelli