യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി


താമരശ്ശേരി: വയനാട് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.

അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. മാത്രമല്ല വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

ഇന്ന് പുലര്‍ച്ചെയാണ്‌ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് നാലുമണിയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രയാസം നേരിടുന്നുണ്ട്. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.

നിലവിൽ അഗ്നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന 250 അംഗ സംഘം ചൂരമലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തെത്തിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.