‘ആര്‍ക്കും കയറിപ്പോകാം, പഞ്ചായത്തിന്റെ എംസിഎഫ് പ്ലാന്റിന്റെ പ്രവർത്തനം യാതൊരു വിധ സുരക്ഷയുമില്ലാതെ’; പേരാമ്പ്രയിലെ തീപിടുത്തത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായി സമിതി


പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായ സമിതി ആവശ്യപ്പെട്ടു. നാശനഷ്ടം സംഭവിച്ച കടയുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വ്യപാരി വ്യവസായി സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


മാലിന്യ സംസ്‌കരണത്തില്‍ പഞ്ചായത്ത് ജാഗ്രത കാണിച്ചില്ലെന്നും ആര്‍ക്കും കയറിപ്പോകാന്‍ സാധിക്കുന്ന തരത്തിലുള്ള യാതൊരു വിധ സുരക്ഷയുമില്ലാതെയാണ് പഞ്ചായത്ത് എംസിഎഫ് പ്ലാന്റ് നടത്തിപ്പ് കൊണ്ടുപോകുന്നതും മാലിന്യ നിര്‍മാര്‍ജനത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു.


പഞ്ചായത്ത് ശേഖരിച്ച മാലിന്യ കൂമ്പാരത്തില്‍ നിന്നും ഒരേ സമയം തീ ആളിക്കത്തിയത് മൂന്ന് ഭാഗങ്ങളിലേക്കാണെന്നും ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കണമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. തീപ്പിടുത്ത ഉണ്ടായതോടെ വ്യാപാരികള്‍ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ഇടപെടലുകളോടെ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള ഏര്‍പ്പാട് ഉണ്ടാക്കി കൊടുക്കണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.


വി.കെ ഭാസ്‌കരന്‍ (വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ്) ഷാജി ഒയാമ, മുസ്തഫ, (ഭാരവാഹി) സത്യന്‍ (ഭാരവാഹി) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.