ലൈസന്‍സ് കൈപ്പറ്റിയും പണം കെട്ടിയും കച്ചവടം ചെയ്യുന്നവര്‍ക്ക് നഷ്ടം; തെരുവുകച്ചവട നിരോധനം നടപ്പിലാക്കാനാവശ്യപ്പെട്ട് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍
കൂരാച്ചുണ്ട്: തെരുവുകച്ചവടക്കാരുടെ വര്‍ധനവിനെ തുടര്‍ന്ന് കച്ചവടം നടക്കാതെ ബുദ്ധമുട്ടിലാണ് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍. ടൗണിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്നും മറ്റുമായി നടത്തുന്ന തെരുവ് കച്ചവടം ദിനം പ്രതി പെരുകിവരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, ജി.എസ്.ടി, ഭക്ഷ്യ ലൈസൻസുകള്‍ കൈപ്പറ്റിയും കച്ചവടാനുബന്ധ ഫീസുകള്‍ കൃത്യമായി അടച്ചും അംഗീകൃത കച്ചവടം നടത്തുന്ന വ്യാപാരികളാണ് പെരുവഴിയിലായത്.
തെരുവുകച്ചവടം നിരോധിച്ചതായി പഞ്ചായത്ത് ഭരണ സമിതി രണ്ടു വർഷങ്ങൾ മുൻപ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ അത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ തെരുവുകച്ചവടം നിരോധനം നടപ്പിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വിഷയത്തില്‍ പഞ്ചായത്ത് അധികാരികളും പൊലീസും ഇടപെടണമെന്ന് വ്യാപാരികള്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. ഇനിയും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്നാണ് മർച്ചന്റ് അസോസിയേഷൻ കൂരാച്ചുണ്ട് യൂത്ത് വിംഗ് കമ്മറ്റിയുടെ നിലപാട്.