ഒരു കട പോലും തുറന്നില്ല; പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു
പേരാമ്പ്ര: പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താലിന് തുടക്കമായി. കടകള്‍ ഒന്നും തന്നെ തുറന്ന് പ്രവര്‍ച്ചിച്ചിട്ടില്ല. പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാരികള്‍ വ്യാഴാഴ്ച്ച പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തിയിരുന്നു.
തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സ്ഥാപനം ഇന്നലെ വീണ്ടും തുറക്കുകയും സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം സിഐടിയു ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി വിക്ടറിക്ക് മുന്നിലെത്തിതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
പേരാമ്പ്ര കക്കാട് പ്രവര്‍ത്തിക്കുന്ന വിക്ടറിയുടെ രണ്ട് സ്ഥാപനങ്ങളിലേക്കും പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യവുമായി എത്തിയിരുന്നു. ഇത് പൊലീസ് തടയാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി.
ഇതിനിടയില്‍ വിക്ടറിക്കുള്ളിലേക്ക് കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ നശിപ്പിക്കുകയും ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പൊലീസുമായുള്ള ഉന്തും തള്ളിനുമിടയില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പക്ടര്‍ കെ അനില്‍ കുമാറിനും സമരക്കാരുടെ കയ്യേറ്റത്തില്‍ വിക്ടറിയിലെ ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസും സമരസമിതി നേതാക്കളും വിക്ടറി മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം വീണ്ടും അടച്ചു പൂട്ടുകയായിരുന്നു ഇന്നലെ. ഇന്നും ചര്‍ച്ച തുടരും.