‘പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോള്‍ത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും’; ബഫര്‍സോണ്‍ വിഷയത്തില്‍ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് തുടങ്ങിയ മേഖലയിലെ ജനങ്ങള്‍ ആശങ്ക ഒഴിവാക്കണമെന്ന് എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍


പേരാമ്പ്ര: ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ജനങ്ങള്‍ക്കൊപ്പമാണെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പഞ്ചായത്തിലെ 13 വാര്‍ഡുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട ചക്കിട്ടപ്പാറയില്‍ കഴിഞ്ഞ ദിവസം എം.എല്‍.എ നേരിട്ടെത്തി ജനങ്ങള്‍ക്ക് പിന്‍ന്തുണ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്.

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും പരിധിയില്‍ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാട്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ ഉള്‍പ്പെടുന്ന സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖല (ബഫര്‍സോണ്‍) യായി കണക്കാക്കണമെന്ന ഉത്തരവിറക്കിയത് സുപ്രീംകോടതിയാണ്. ഈ തീരുമാനം കേരളത്തില്‍ പ്രായോഗികമല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും കേരളത്തിന്റെ വികാരം കോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.

സുപ്രീംകോടതി നിര്‍ദേശത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതും ഉപഗ്രഹ സര്‍വേ നടത്തിയതും. റിപ്പോര്‍ട്ട് സംബന്ധിച്ച് പരാതികളുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം മുതല്‍ എടുത്ത നിലപാട് ജനവാസകേന്ദ്രങ്ങളില്‍ ‘ സീറോ ബഫര്‍സോണ്‍ ‘ എന്നാണ്. മുമ്പ് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച ഭൂപടത്തിലും ഇത് വ്യക്തമാക്കി. അതേ ഭൂപടം വീണ്ടും പ്രസിദ്ധീകരിച്ചു. ഇനിയും അതിലുള്ള ഒഴിവാക്കേണ്ട മേഖല കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും പരിധിയില്‍ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാട്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണ്.

പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സുപ്രീം കോടതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്, പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ 13 വാര്‍ഡുകളും ബഫര്‍സോണിലാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോള്‍ത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്നുറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറയിലെ ജനങ്ങളെ നേരില്‍ കണ്ട് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.