”ഷില്ലോങ് കഴിഞ്ഞു, റോഡിലെവിടെയും ചിറാപുഞ്ചി എന്നെഴുതിയിട്ടുണ്ടായിരുന്നില്ല. പകരം സൊഹ്‌റയിലേക്കുള്ള ദൂരം കാണുന്നുണ്ടായിരുന്നു” ചിറാപുഞ്ചി കാഴ്ചകള്‍ പങ്കുവെച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: ലോകത്തില്‍ ഏറ്റവുമധികം മഴയ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം വിവരിച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം യാത്രാനുഭവം പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം:

ജനസാന്ദ്രത കൊണ്ടും ഇടുങ്ങിയ റോഡുകളും കുന്നുകളും കൊണ്ട് വീര്‍പ്പു മുട്ടുന്ന നഗരമാണ് ഷില്ലോങ്. നീണ്ടു നിവര്‍ന്നു കിടക്കുന്ന, കോടമഞ്ഞ് അടിച്ചു കയറുന്ന, തണുത്ത റോഡിലൂടെയുള്ള മേഘാലയയുടെ ഗ്രാമകാഴ്ചകള്‍ മനോഹരമാണ്. ഇവിടുത്തെ പ്രധാന ജനസംഖ്യ ഖാസി വിഭാഗമാണ്. സംസാരിക്കുന്നത് ഖാസി ഭാഷയും ഇംഗ്ലീഷും.

സമുദ്ര നിരപ്പില്‍ നിന്നും 3000-4000അടി ഉയരത്തിലൂടെയുള്ള യാത്രയിലെ കാഴ്ചകള്‍ സുന്ദരമാണ്. ചിറാപുഞ്ചിയിലേക്കായിരുന്നു യാത്ര. ഷില്ലോങ് കഴിഞ്ഞു, റോഡിലെവിടെയും ചിറാപുഞ്ചി എന്നെഴുതിയിട്ടുണ്ടായിരുന്നില്ല. പകരം SOHRA യിലേക്കുള്ള ദൂരം കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് മനസ്സിലായത്, ചിറാപുഞ്ചിയുടെ പ്രാദേശിക പേരാണ് Sohra – Chura എന്ന്. ബ്രിട്ടീഷുകാര്‍ ഇവിടെ ഭരിച്ചപ്പോള്‍ ഓറഞ്ചുകളുടെ നാട് (chura-punjee) എന്ന് വിളിച്ചുവത്രേ, അങ്ങനെ ചിറാപുഞ്ചി ആയി.

കിഴക്കന്‍ ഹിമാലയയുടെ ദക്ഷിണ ഭാഗത്താണ് ചിറാപുഞ്ചിയുടെ മലഞ്ചെരുവ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 4860 അടി ഉയരത്തില്‍ ഖാസി മലയില്‍. ബംഗ്ലാദേശിലെ സമതലങ്ങള്‍ക്കു കാവലായി. ഈ പ്രത്യേക ഭൂപ്രകൃതിയാണ് ചിറാപുഞ്ചിയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമാക്കി മാറ്റുന്നത്.

നോര്‍ത്ത് ഈസ്റ്റിലെ ബ്രഹ്‌മപുത്ര താഴ്വരയില്‍ നിന്നും, സൗത്തില്‍ നിന്നും വരുന്ന മേഘങ്ങള്‍ ഖാസി മലകളില്‍ തട്ടി ഓര്‍ഗാനിക്ക് ലിഫ്റ്റിങ് എന്ന പ്രതിഭാസത്താല്‍ പെട്ടെന്ന് മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും. മഴയായ് പെയ്യുകയും ചെയ്യുന്നു .