കേരളം ദൈവത്തിന്റെ സ്വന്തം നാടായത് എങ്ങനെയെന്ന് ഈ പേരാമ്പ്രക്കാരന്‍ കര്‍ണാടക സ്വദേശികള്‍ക്ക് കാണിച്ചു കൊടുത്തു; പമ്പയില്‍ അയ്യപ്പ ഭക്തരുടെ ജീവന്‍ രക്ഷിച്ച പോലീസുകാരന്‍ സുഭാഷിനെ അഭിനന്ദിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: നദീ ജലത്തിൽ പൊലിയുമായിരുന്ന മൂന്ന് ജീവനുകളാണ് തന്റെ സമയോചിതമായ ഇടപെടലിലൂടെ പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ സ്വദേശി സുഭാഷ് തിരികെ പിടിച്ചുയർത്തിയത്. ശബരിമല ഡ്യൂട്ടിക്കിടെ മൂന്ന് അയ്യപ്പ ഭക്തരെ അതിസാഹസികമായി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാടായത് എങ്ങനെയെന്ന് തന്റെ പ്രവൃത്തിയിലൂടെ ഈ പേരാമ്പ്രക്കാരന്‍ കര്‍ണാടക സ്വദേശികള്‍ക്ക് കാണിച്ചു കൊടുത്തു.
ഇതിനോടകം നിരവധി പേർ സുഭാഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ജീവൻ പണയംവെച്ച് അയ്യപ്പ ഭക്തരെ രക്ഷിച്ച സുഭാഷിന്റെ ധീര പ്രവൃത്തിയെ ടി.പി രാമകൃഷ്ണൻ എം.എൽ.എ യും അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സുഭാഷിനെ അഭിനന്ദിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇത് സുഭാഷ് കഴിഞ്ഞ 15 വർഷമായി കേരള പൊലീസിന്റെ ഭാഗമായി സേവനമനുഷ്ഠിച്ചു വരുന്നു. പേരാമ്പ്ര പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ സ്വദേശിയാണ്. സുഭാഷ് ശബരിമല ഡ്യൂട്ടിയിലാണിപ്പോൾ. ക്രിസ്മസ് ദിനത്തിലെ വൈകുന്നേരം 4 മണി കഴിഞ്ഞ് നിർദ്ദേശിക്കപ്പെട്ട ഫൂട് പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്തേക്ക് മൂന്ന് അയ്യപ്പൻമാർ നദിയിലേക്ക് വീണ് ആഴ്ന്ന് പോവുന്നത് സുഭാഷ് കണ്ടത്. കയ്യിലെ പേഴ്സും വയർലെസ് സെറ്റും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തിയത് പ്രിയങ്കരാനായ സുഭാഷിൻ്റെ അവസരോചിതമായ ഇടപെടലായിരുന്നു. കർണാടക സ്വദേശികളായ ശ്രിധറും ചന്ദുവും ഗൗതവും അപകടത്തിൻ്റെ നടുക്കം ഇപ്പൊഴും വിട്ടുമാറിയിട്ടില്ലെങ്കിലും കേരളം ദൈവത്തിന്റെ സ്വന്തം നാടായതെങ്ങനയാണെന്ന് കാണിച്ചു തന്ന പോലീസ് പ്രവർത്തനത്തെ കൂപ്പുകൈയ്യുമായി സ്മരിച്ചു കൊണ്ടാണ് സംസാരിച്ചത്.
ഫോൺ നഷ്ടപ്പെട്ട ദു:ഖത്തിലും രക്ഷാദൗത്യം പൂർത്തിയാക്കാനായ ആത്മനിർവൃതിയിലാണ് സുഭാഷിപ്പോൾ….
അഭിനന്ദനങ്ങൾ….
Summary: TP Ramakrishnan MLA congratulates policeman Subhash who saved the lives of Ayyappa devotees in Pamba