‘വയനാട്ടിൽ എസ്‌എഫ്‌ഐ വനിതാ നേതാവിന്‌ മർദ്ദനമേറ്റെന്ന്‌ നാല്‌ ദിവസത്തിനുശേഷം മാധ്യമങ്ങൾ അറിഞ്ഞു’; വിമർശനവുമായി ടി.പി രാമകൃഷ്ണൻ എം.എൽ.എ


പേരാമ്പ്ര: വയനാട്ടിൽ എസ്‌എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ മാധ്യമങ്ങളെ വിമർശിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ. വനിതാ നേതാവിനെ മർദ്ദിച്ച പ്രതികളിൽ ഒരാൾക്ക് മർദ്ദനമേറ്റതോടെയാണ് മാധ്യമങ്ങൾ സംഭവം വാർത്തയാക്കിയതെന്ന് എം.എൽ.എ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എൽ.എയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നാല്‌ ദിവസത്തിനുശേഷം മാധ്യമങ്ങൾ “അറിഞ്ഞു’; വയനാട്ടിൽ എസ്‌എഫ്‌ഐ വനിതാ നേതാവിന്‌ മർദനമേറ്റെന്ന്‌. വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ നാല് ദിവസം മുൻപ് എസ്എഫ്ഐ വനിതാ നേതാവിന് മർദനമേറ്റിരുന്നുവെന്ന്. കെഎസ് യു – എംഎസ്എഫ് ലഹരിസംഘത്തിന്റെ ക്രൂര മർദനമേറ്റ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരി ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിഞ്ഞു. വനിതാ നേതാവിനെ മർദിച്ച പ്രതികളിൽ ഒരാൾക്ക് മർദനമേറ്റതോടെയാണ് മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ സംഭവം വാർത്തയാക്കിയത്.

പ്രതികൾ കെഎസ് യു പ്രവർത്തകരാണെന്ന വിവരവും ഇപ്പോൾ നൽകുന്ന വാർത്തകളിൽ പുറത്തുവരുന്നു. വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് മേപ്പാടി കോളേജിൽ യുഡിഎസ്എഫ് സംഘം അപർണയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. പിന്നാലെ എസ്എഫ്ഐ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഒരു ക്യാമ്പസിനുള്ളിൽ പെൺകുട്ടി ലഹരിസംഘത്തിന്റെ ക്രൂര മർദനത്തിന് ഇരയായിട്ടും മനോരമ അടക്കമുള്ള മാധ്യമങ്ങൾ കണ്ടഭാവം നടിച്ചിരുന്നില്ല. കെഎസ് യു എംഎസ്എഫ് പിന്തുണയുള്ള സംഘമായിരുന്നു അക്രമത്തിന് പിന്നിൽ എന്നതുകൊണ്ട് തന്നെ സംഭവം പുറംലോകം അറിയാതിരിക്കാനാണ് പ്രമുഖ പത്രങ്ങളും ചാനലുകളും ശ്രമിച്ചത്.

പേരാമ്പ്രയില്‍ മര്‍ദ്ദനമേറ്റത് മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയായ കെ.എസ്.യു പ്രവർത്തകന്; റിമാന്റിൽ കഴിയുന്ന വടകര സ്വദേശികളായ രണ്ട് പ്രതികളുടെ ബൈക്കുകളും അഗ്നിക്കിരയാക്കി

Summary:TP Ramakrishnan MLA about attack in meppadi poly technique