പേരാമ്പ്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് ക്രൈം ത്രില്ലര്‍ കണ്ടെടുത്ത ടി.പി. രാജീവന്‍


 

രൂപേഷ് ആര്‍. നെല്ലൂളിത്താഴ

ടി.പി രാജീവന്‍ എന്ന നോവലിസ്റ്റിനേയും സിനിമയ്ക്ക് ആഖ്യാന ഭാഷ എഴുതിയ ആളേയും സ്മൃതിപഥത്തിലേക്ക് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഈ കുറിപ്പില്‍.

പാലേരി മാണിക്യം എന്ന നോവല്‍ താല്‍പ്പര്യത്തോടെ വായിക്കുകയും പ്രസ്തുത സിനിമ നാടിന്റെ ഗൃഹാതുരമായ കാലത്തിന്റെ ചരിത്രത്തിന്റെ കാഴ്ചകളുടെ വീണ്ടെടുപ്പുകള്‍ എന്ന പോലെ കാണുകയും ചെയ്ത ഒരാളാണ് ഞാന്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സാമൂഹിക വ്യവസ്ഥയില്‍ അടിമുടി അപനിര്‍മ്മാണം ഉണ്ടാകും എന്ന് വിശ്വസിച്ച ബാര്‍ബര്‍ കേശവനെ ( ശ്രീനിവാസന്‍ ) പോലുളളവരും എന്നാല്‍ പാര്‍ട്ടി അധികാരമേറ്റ ഉടനെ മുതലാളിമാര്‍ എല്ലാം പാര്‍ട്ടി ബന്ധുക്കളായി മാറി മറിയുന്ന പരിണാമവും സാധാരണക്കാരന്റെ ജീവിതം മാണിക്യത്തെ പോലെ ബലാല്‍കാരത്തിന് വിധേയമായി ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന വ്യവസ്ഥ.

പാലേരി മാണിക്യം സിനിമയില്‍ നിന്ന്

പാലേരി മാണിക്യം സിനിമയില്‍ നിന്ന്

മാണിക്യം എന്ന പാര്‍ട്ടി ഗ്രാമത്തിലെ തിയ്യ യുവതിക്ക് ഈ രാഷ്ട്രീയ മാറ്റത്തിന്റെ ശുഭ മുഹൂര്‍ത്തത്തില്‍ പോലും മരണാനന്തര നീതി പോലും കിട്ടാത്ത അവസ്ഥ!
ഇത്തരം ദുരവസ്ഥകളിലേക്ക് നമ്മെ നിരാശയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് പാലേരി മാണിക്യം എന്ന നോവലും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയും.

നോവല്‍ സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്തപ്പോള്‍ പലമാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ അഭിനയിച്ചു- പാലേരി മാണിക്യത്തിന്റെ കൊലപാതകം മിസ്റ്ററിയെ കുറിച്ച് അന്വേഷിക്കുന്ന പ്രൈവറ്റ് ഡിറ്റക്റ്റീവായ ഹരിദാസായും, ഹാജിയുടെ സഹൃദയനും എന്നാല്‍ മാണിക്യത്തെ ബലാല്‍കാരം ചെയ്യുന്ന അലിഗഡില്‍ പഠിക്കുന്ന മൂത്തമകന്‍ ഖാലിദ് അഹമ്മദായും പിന്നെ മുരിക്കും കുന്നത്ത് അഹമ്മദ്ഹാജിയായും. ഈ വിധത്തിലുളള കഥാപാത്ര നിര്‍മ്മിതി നോവലിന്റെ അഭ്രഭാഷയിലേക്കുള്ള വികാസത്തിന്റെ സാധ്യതകളായി ടി.പി.രാജീവന്‍ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്.

അതായത് ഒരു ക്രൈം ത്രില്ലറിന് വേണ്ട എല്ലാ വിഭവങ്ങളും മലബാറിലെ രാഷ്ട്രീയ ചരിത്രം പറഞ്ഞ ഒരു സാധാരണ നോവലില്‍ നിന്ന് സ്വയം കണ്ടെടുക്കുവാന്‍ ടി.പി. രാജീവന്‍ എന്ന തിരക്കഥാകൃത്തിന് കഴിഞ്ഞു എന്നതാണ് പാലേരി മാണിക്യം ചാരുതയാര്‍ന്ന സിനിമാ അനുഭവമായി മാറിയത്.

TP Rajeevan, Ranjith

ടി.പി. രാജീവന്‍, രഞ്ജിത്ത്

അതായത് നോവലിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വിസ്മയകരമായ ദൃശ്യ സാധ്യതയുള്ളതാണ് എന്ന് തിരിച്ചറിയാനും അത് സിനിമ എന്ന മാധ്യമത്തിലേക്ക് മെച്ചപ്പെട്ട കാഴ്ചാ അനുഭവമായി പകര്‍ത്തിവയ്ക്കാനും രാജീവനും രഞ്ജിത്തിനും കഴിഞ്ഞു.

ഭ്രാന്തന്‍ കുമാരന്‍ എന്ന പാലേരിയുടെ അബോധം വെളിവിലും ഇരുട്ടിലുമുള്ള എല്ലാ തരം കാഴ്ചയുടേയും നിശബ്ദ സാക്ഷിയായി മാറുന്നുണ്ട്. അതായത് എല്ലാ കുറ്റകൃത്യങ്ങക്കും നിശബ്ദനായ ഒരു സാക്ഷിയുണ്ടാകും എന്ന ദാര്‍ശനികമായ വിശ്വാസത്തെ സിനിമയും ബലപ്പെടുത്തുന്നുണ്ട്. ഏതു കുറ്റകൃത്യത്തിലേക്കും അന്വേഷിച്ച് എത്താവുന്ന ഒരു പഴുത് എപ്പോഴും ഉണ്ടാകും എന്ന പ്രോബബിലിറ്റിയേയാണ് ഭ്രാന്തന്‍ കുമാരനും പൂശാരിയായ കഥാപാത്രവും പ്രതിനിധീകരിക്കുന്നത്.

സമൂഹത്തിലെ അധികാരി വര്‍ഗ്ഗത്തിന്റെ പ്രാമാണികത്വം സാധാരണക്കാരന്റെ ജീവിത തെരഞ്ഞെടുപ്പുകളെ എത്ര മാത്രം വീര്‍പ്പുമുട്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് എന്ന് മനോഹരമായി കാണിക്കുന്നു സിനിമയും നോവലും. രൂപ സൗകുമാര്യമുളള പെണ്ണിന്റേ മേലിലും പൊന്നു വിളയുന്ന പാടത്തിനും, തെങ്ങിന്‍ ചുവട്ടില്‍ വീണുകിടക്കുന്ന തേങ്ങയില്‍ പോലും നിര്‍വ്വചിച്ചതും അല്ലാത്തതുമായ അധികാരം എഴുതി വെച്ചിട്ടുണ്ട് എന്ന് സിനിമ പറയുന്നുണ്ട്.

മുരിക്കുകുന്നത് അഹമ്മദ് ഹാജിക്ക് ചീരു വെപ്പാട്ടി മാത്രമല്ല മത ജീവിതത്തിനപ്പുറത്തെ സകല അധികാര പ്രയോഗത്തിന്റേയും ആനന്ദത്തിന്റേയും ഉരുപ്പടിയാണ്. ചീരുവിന്റെ മകന്‍ പൊക്കന്‍ ഈ വ്യവസ്ഥയുടെ നിശബ്ദ സാക്ഷിയാണ്. അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയിലൂടെ ഫ്യൂഡല്‍ അധികാരത്തെ കാലാതിവര്‍ത്തിയാക്കാന്‍ കഴിയും എന്ന് അയാള്‍ സ്വപ്നം കാണുകയാണ്. അവള്‍ തനിക്ക് വഴങ്ങുന്ന നാളുകളാണ് അയാളുടെ മനസ്സു നിറയെ.

സഖാവ് കെ.പി. ഹംസയില്‍ അന്തര്‍ലീനമായി ഒഴുകുന്ന സാമൂഹിക പ്രാമാണികത്വത്തിന്റെ വിധേയവും പ്രായോഗിക വാദിയായ രാഷ്ട്രീയക്കാരനേയും കാണാം. ബാര്‍ബര്‍ കേശവന്‍ എന്നത് കമ്യൂണിസം എന്ന കാല്പനിക സ്വപ്നമാണെങ്കില്‍ സഖാവ് കെ.പി. ഹംസ പാലേരിയിലെ സംഘടനയാണ്. കേന്ദ്രീകൃത ജനാധിപത്യ ഘടനയുളള സംഘടന. ആ സംഘടനയ്ക്ക് പുറത്താണ് ബാര്‍ബര്‍ കേശവന്മാരുടെ എക്കാലത്തേയും ജീവിതം. അതായത് അധികാര വഴിയിലെ പുരോഗമന രാഷ്ട്രീയ പരിണാമങ്ങളെ പാലേരി എന്ന കൊച്ചു ഗ്രാമത്തിന്റെ പാശ്ചാത്തലത്തില്‍ പ്രശ്‌നവല്‍കരിക്കുകയാണ് രാജീവന്‍ ചെയ്തിട്ടുള്ളത്.

സിനിമയില്‍ മൈഥിലി അഭിനയിച്ച മാണിക്യം എന്ന കഥാപാത്രം പാര്‍ശ്വവല്‍കൃത ജീവിതത്തിന്റെയും എക്കാലത്തേയും വലിയ ജീവിത പാഠമാണ്. മതവും സംസ്‌കാരവും വിശ്വാസവും എല്ലാം സമ്പന്നന് അനുഗുണമായ രീതിയില്‍ എങ്ങിനെ ക്രമപ്പെടുത്തപ്പെടുന്നു എന്ന് നോവലും സിനിമയും ഭംഗിയായി അനാവരണം ചെയ്യുന്നുണ്ട്.

ടി.പി. രാജീവന്‍ എന്ന നോവലിസ്റ്റിനും, തിരക്കഥാകൃത്തിനും ബാഷ്പാഞ്ജലികള്‍.