‘ടി.പി രാജീവന്റെ കവിതകളിൽ രാഷ്ട്രീയം പ്രധാനമായിരുന്നു’; പേരാമ്പ്രയിലെ ‘പുറപ്പെട്ടുപോയ വാക്ക്’ അനുസ്മരണ പരിപാടിയില്‍ തമിഴ്‌ കവി യുവൻ ചന്ദ്രശേഖരൻ


പേരാമ്പ്ര: സൗന്ദര്യാന്വേഷണത്തിലും കാവ്യ ശാസ്ത്രത്തിലും ടി.പിരാജീവന്റെ കവിതകളിൽ രാഷ്ട്രീയം പ്രധാനമായിരുന്നുവെന്ന് തമിഴ്‌ കവി യുവൻ ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം പേരാമ്പ്ര സ്‌ക്വയറില്‍ സംഘടിപ്പിച്ച ‘പുറപ്പെട്ടുപോയ വാക്ക്’, ‘ടി.പി രാജീവന്‍ എഴുത്തും ജീവിതവും’ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സങ്കീർണ്ണബിംബങ്ങളിൽ നിന്ന് വ്യത്യസ്തമായി നിത്യ ജീവിതങ്ങൾ നിറയുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. ആദ്യകാല ടി.പി രാജീവൻ കവിതകൾ രാഷ്ട്രീയപരമായി ബലപ്പെടുന്നത് പിൽക്കാല കവിതകളിൽ കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള കവിതയെ ഭാഷയിലും പ്രമേയത്തിലും ഭാവുകത്വത്തിലും ഏറെ സ്വാധീനിച്ച കവിയാണ് ടി.പി രാജീവനെന്ന് കവി പി.രാമൻ പറഞ്ഞു. കവിതയുടെ ഗദ്യാ ശൈലിയെ ജീവസ്സുറ്റതാക്കുന്ന പരിണാമഘട്ടങ്ങൾ രാജീവന്‍ കവിതകളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടകസമിതി ചെയർമാൻ ഡോ.കെ.എൻ.അജോയ്കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ പി.സി രാജേഷ് സ്വാഗതം പറഞ്ഞു. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് രാജൻ തിരുവോത്തിനെ വേദിയിൽ ആദരിച്ചു.

വിവിധ സെഷനുകളിലായി അൻവർ അലി, വീരാൻകുട്ടി, വി.കെ പ്രഭാകരൻ, പി.എസ് ബിന്ദു മോൾ, കെ.പി സീന, ബാലസുന്ദരം, കെ.കെ ചന്ദ്രൻ, പി. സോമനാഥൻ, ലതീഷ് നടുക്കണ്ടി, ബൈജു ആവള, കെ.ടി ദിനേശൻ, അഷ്റഫ് കല്ലോട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത ഗായിക നിസ അസീസി അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി.

Description: TP Rajeev writing and life commemoration programme