സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം; ടി.പി ബിനീഷ് വീണ്ടും ഏരിയാ സെക്രട്ടറി
അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ടിപി ബിനീഷിനെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ബിനീഷ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇന്നലെ രാവിലെ മുതിർന്ന അംഗം ഇകെ നാരായണൻ പതാക ഉയർത്തിയതോടെയാണ് സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് തുടക്കമായത്. എൻ.ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
ഇന്ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.മോഹനൻ, കെ.കെ.ദിനേശൻ, പ്രീത കൂത്ത്പറമ്പ് തുടങ്ങിയവർ സംസാരിക്കും. ചുവപ്പ് സേന മാർച്ചും ബഹുജന റാലിയോടെയുമാണ് സമ്മേളനം സമാപിക്കുക.